വികസന പുരോഗതി വിലയിരുത്തി ബുദൂർ അൽഖാസിമി അൽ ഹിറ ബീച്ചും സന്ദർശിച്ചു
text_fieldsഷാർജ: എമിറേറ്റിലെ വികസനപ്രവർത്തനങ്ങളുടെ പുരോഗതി പരിശോധിച്ച് ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്) ചെയർപേഴ്സൻ ബുദൂർ അൽ ഖാസിമി. സുസ്ഥിരവികസന കാഴ്ചപ്പാടുകൾ അടിസ്ഥാനമാക്കി ഷാർജ റഹ്മാനിയയിൽ ഒരുങ്ങുന്ന സസ്റ്റൈനബ്ൾ സിറ്റി, നഗരത്തിനടുത്തുള്ള അൽ ഹിറ ബീച്ച് എന്നീ പദ്ധതികളാണ് സന്ദർശിച്ചത്. ഷുറൂഖ് ആക്റ്റിങ് സി.ഇ.ഒ അഹ്മദ് ഉബൈദ് അൽ ഖസീർ, സസ്റ്റൈനബിൾ സിറ്റി സി.ഇ.ഒ മുഹമ്മദ് യൂസുഫ് അൽ മുത്വവ്വ എന്നിവരും വിവിധ വിഭാഗങ്ങളുടെ തലവന്മാരും ബുദൂർ അൽ ഖാസിമിയെ അനുഗമിച്ചു.
വിനോദസഞ്ചാരം, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിൽ വികസനം വേഗത്തിലാക്കുന്നതിനും ഷാർജയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നടത്തുന്ന ശ്രമങ്ങൾ വകുപ്പ് മേധാവികൾ വിശദീകരിച്ചു. ഉന്നതനിലവാരത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും പ്രാവർത്തികമാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നവരോട് ബുദൂർ അൽ ഖാസിമി നന്ദി പറഞ്ഞു. പരിസ്ഥിതിസൗഹൃദ വികസനത്തിൽ അടിയുറച്ച് വൈവിധ്യമാർന്ന നിക്ഷേപ അവസരങ്ങളുണ്ടാക്കുകയെന്ന ഷുറൂഖ് കാഴ്ചപ്പാടിന്റെ മികച്ച ഉദാഹരണമാണ് ഷാർജ സുസ്ഥിരവികസന നഗരമെന്ന് ചൂണ്ടിക്കാട്ടിയ ബുദൂർ, പ്രവാസികൾക്കും തദ്ദേശീയർക്കും ഒരുപോലെ പ്രിയപ്പെട്ട വിനോദകേന്ദ്രങ്ങളിലൊന്നായി അൽ ഹിറ ബീച്ച് മാറുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് 2019ൽ അൽ റഹ്മാനിയയിലെ ഷാർജ സസ്റ്റൈനബിൾ സിറ്റി പദ്ധതി പ്രഖ്യാപിച്ചത്. 7.2 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ 2 ബില്യൺ ദിർഹം ചെലവഴിച്ചു നിർമിക്കുന്ന സുസ്ഥിര നഗരത്തിൽ 1120 ഉന്നത നിലവാരത്തിലുള്ള പരിസ്ഥിതിസൗഹൃദ വില്ലകളുണ്ടാവും. അറേബ്യൻ ഗൾഫിന് അഭിമുഖമായാണ് അൽ ഹിറ ബീച്ചൊരുങ്ങുന്നത്. 87 ദശലക്ഷം ദിർഹംസ് ചെലവഴിച്ചാണ് 3.6 കി.മീറ്റർ നീളമുള്ള തീരത്തിന്റെ വികസനം. നിലവിൽ ഭാഗികമായി സന്ദർശകർക്ക് തുറന്നിട്ടുള്ള അൽ ഹിറ ബീച്ചിൽ കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, ചെറുഭക്ഷണശാലകൾ, കരകൗശലവിപണന സ്റ്റാളുകൾ എന്നിവയൊരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.