അബൂദബിയില്‍ കെട്ടിട വാടക വര്‍ധിച്ചു; ഇടനിലക്കാരും സജീവം
text_fieldsഅബൂദബി: കോവിഡ് മഹാമാരിയെ മറികടന്ന് ജീവിതം സാധാരണനിലയിലായതോടെ അബൂദബി എമിറേറ്റില്‍ കെട്ടിട വാടകയിലും വര്‍ധനവ്. കച്ചവടത്തിനാവശ്യമായ മുറികള്‍ക്കും താമസിക്കാനുള്ള ഫ്ലാറ്റുകള്‍ക്കും വില്ലകള്‍ക്കും ആവശ്യക്കാരേറിയതോടെയാണ് വാടക കൂടിയത്. അതേസമയം, ഇടനിലക്കാര്‍ കെട്ടിട ഉടമകളില്‍ നിന്ന് കെട്ടിടങ്ങൾ മൊത്തത്തില്‍ വാടകയ്‌ക്കെടുത്ത് മറിച്ചുനല്‍കുന്നതും വാടക വര്‍ധനവിന് കാരണമായിട്ടുണ്ട്.
വ്യവസായ മേഖലയിലെ വിവിധ സെക്ടറുകളില്‍ കൂടുതലായും ആവശ്യക്കാരെത്തുന്നത് ചെറുതും വലുതുമായ ഗോഡൗണുകള്‍ക്കു വേണ്ടിയാണ്. അതിനാൽ തന്നെ ഇവിടങ്ങളില്‍ 20 മുതല്‍ 35 ശതമാനം വരെ വാടകയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. താമസക്കാര്‍ക്കുള്ള ഇടങ്ങളില്‍ ഫ്ലാറ്റുകള്‍ക്കും കടമുറികള്‍ക്കുമാണ് ഡിമാന്‍റ്.
കുടുംബങ്ങള്‍ കൂടുതലായി വന്ന് തുടങ്ങിയതും വാടക കൂട്ടാനിടയാക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം നടന്നുവന്നതിനാല്‍ നിരവധി കുടുംബങ്ങള്‍ താല്‍ക്കാലികമായിട്ടെങ്കിലും നാട്ടിലേക്ക് മാറിയിരുന്നു. സ്‌കൂളുകള്‍ നേരിട്ടുള്ള പഠനം പൂര്‍ണമായും ആരംഭിച്ചതോടെ ഇവരും മടങ്ങിയെത്തിയിട്ടുണ്ട്. അബൂദബിയില്‍ ഓഫിസ് വാടകയും മഹമാരിക്ക് മുമ്പുള്ള നിലയിലേക്ക് എത്തിയിട്ടുണ്ട്. അബൂദബി കോര്‍ണിഷ് ഏരിയയിലെ ശരാശരി വാടക 7.2ശതമാനം ഉയര്‍ന്നതായിട്ടാണ് കണക്ക്.
അബൂദബിയിലെ ജീവിതച്ചെലവ് കുറക്കാന്‍, കോവിഡ് മൂര്‍ച്ഛിച്ച സമയങ്ങളില്‍ വാടക കുറഞ്ഞ മേഖലകളിലേക്ക് നിരവധി പേരാണ് താമസം മാറിയിരുന്നത്.
ഇവരില്‍ പലരും ജോലികളിലെ അസ്ഥിരതയും അനിശ്ചിതത്വവും മാറിത്തുടങ്ങിയതോടെ നഗര പ്രദേശങ്ങളില്‍ മടങ്ങിവരാന്‍ തുടങ്ങിയിട്ടുണ്ട്. കുടുംബങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന മുസഫ മേഖലയില്‍, നിലവില്‍ താമസിക്കുന്നവര്‍ക്ക് കരാര്‍ പുതുക്കുമ്പോള്‍ വാടക കുറച്ച് നല്‍കാന്‍ ഫ്ലാറ്റ് ഉടമകള്‍ തയാറാവാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് പുനഃസ്ഥാപിച്ചു വന്നതോടെ വാടക കൂട്ടിനല്‍കിയും നഗരം കേന്ദ്രീകരിച്ചു താമസിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
കോവിഡ് യാത്രാ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെ, മുസഫയിലെ ജനവാസ കേന്ദ്രങ്ങളായ ഷാബിയ ഭാഗങ്ങളില്‍ വാടക നിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കാനാണ് സാധ്യതയെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
അബൂദബിയില്‍ ജോലിചെയ്യുന്ന നല്ലൊരു ശതമാനം ബാച്ചിലേഴ്‌സ് താമസിക്കുന്നതും മുസഫയിലാണ്. 400 മുതല്‍ 650 വരെയാണ് ഇവിടങ്ങളില്‍ ബെഡ് സ്‌പേസിന് ശരാശരി നിരക്ക്.
ജോലി സാധ്യതകള്‍ വര്‍ധിച്ചതോടെ വിസിറ്റ് വിസയിലെത്തി ബെഡ് സ്‌പോസുകള്‍ ഉപയോഗിച്ച് തൊഴിലന്വേഷിക്കുന്നവരും വര്‍ധിച്ചിട്ടുണ്ട്. ഇതോടെ, മുസഫ മേഖലയില്‍ ബാച്ചിലേഴ്‌സ് റൂമിനും ബെഡ് സ്‌പേസിനും ഡിമാന്‍റ് കൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.