കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാകണം; ദുബൈയിൽ വുസൂൽ മുദ്ര നിർബന്ധമാക്കി
text_fieldsദുബൈ: ദുബൈയിൽ പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പാക്കാൻ വുസൂൽ മുദ്ര നിർബന്ധമാക്കുന്നു. പുതുതായി നിർമിക്കുന്ന എല്ലാ കെട്ടിടങ്ങൾക്കും ഈ മുദ്ര നിർബന്ധമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
ദുബൈയിൽ നടക്കുന്ന ആക്സസ് എബിലിറ്റീസ് പ്രദർശനത്തിലാണ് ദുബൈ മുനിസിപ്പാലിറ്റി വുസൂല് മുദ്ര അവതരിപ്പിച്ചത്. നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കുകൂടി അനുയോജ്യമായ കെട്ടിടങ്ങള്‍, എളുപ്പത്തില്‍ പ്രവേശിക്കാനാവുന്ന വാതിലുകള്‍, എന്‍ട്രി-എക്സിറ്റ് കവാടങ്ങള്‍, നടപ്പാതകള്‍, ആരോഗ്യ സേവനങ്ങള്‍, പ്രത്യേക മുറികള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കിയാല്‍ മാത്രമേ കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി ലഭിക്കുകയുള്ളൂവെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്രി പറഞ്ഞു. നിർമാണ രീതികള്‍ ഏകീകരിക്കുന്നതിനുള്ള ദൈബ ബില്‍ഡിങ് കോഡിന്റെ ഭാഗമായാണ് വുസൂല് മുദ്ര നിര്‍ബന്ധമാക്കുന്നത്. താമസം, വ്യാപാരം, മാര്‍ക്കറ്റ് തുടങ്ങി എല്ലാവിധ കെട്ടിടങ്ങള്‍ക്കും ഈന നിബന്ധന ബാധകമായിരിക്കും.
വുസൂല് മുദ്ര നിര്‍മാണ അനുമതികള്‍ അംഗീകരിക്കുന്നതിനുള്ള പ്രധാന മാനദണ്ഡമായി കണക്കാക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
സമൂഹത്തിനുള്ളിൽ നിശ്ചയദാർഢ്യമുള്ള വിഭാഗങ്ങൾക്ക് കൂടി ഏറ്റവും ഉയർന്ന തലങ്ങളിൽ ജീവിക്കാനുള്ള അവസരം ഒരുക്കുന്നതിനായി മുനിസിപ്പാലിറ്റിയുടെ സേവനങ്ങളും കഴിവുകളും മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്നതിന് മുമ്പ് അവ ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പാക്കാൻ ദുബൈയിലെ എൻജീനിയറിങ് ഓഫിസുകളുടെയും കൺസൽട്ടന്റ് ഏജൻസികളുടെയും സഹകരണത്തോടെ പരിശോധന നടത്തും. ശേഷം ബിൽഡിങ് നിർമാണം പൂർത്തീകരിച്ച സർട്ടിഫിക്കറ്റിൽ വുസൂൽ സീൽ പതിച്ചു നൽകുകയാണ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.