ബുർജ് അൽ അറബ് ലോകത്തെ ഏറ്റവും മനോഹര പഞ്ചനക്ഷത്ര ഹോട്ടൽ
text_fieldsദുബൈ: ജുമൈറയിൽ സ്ഥിതിചെയ്യുന്ന യു.എ.ഇയുടെ അഭിമാനസ്തംഭങ്ങളിലൊന്നായ ബുർജ് അൽ അറബ് ലോകത്തെ ഏറ്റവും മനോഹരമായ പഞ്ചനക്ഷത്ര ഹോട്ടലാണെന്ന് പുതിയ സർവേ. മാലദ്വീപ് കടലിലെ മനോഹര ഹോട്ടലായ സോനേവ ജാനിയെയും ലാസ് വെഗാസിന്റെ ബെല്ലാഗിയോയെയും പിന്തള്ളിയാണ് ബുർജ് അൽ അറബ് നേട്ടം സ്വന്തമാക്കിയത്.
ഇൻസ്റ്റഗ്രാം വിവരങ്ങൾ ഉപയോഗിച്ചാണ് സർവേ പൂർത്തിയാക്കിയത്. ലോകത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളുമായി ബന്ധപ്പെട്ട ഒരു കോടി ഇൻസ്റ്റഗ്രാം ഹാഷ്ടാഗുകൾ പരിശോധിച്ചാണ് ബ്രിട്ടൻ ആസ്ഥാനമായ വെബ്സൈറ്റ് സർവേ തയാറാക്കിയത്. ഏറ്റവും കൂടുതൽ ഹാഷ്ടാഗുകൾ ലഭിച്ച ഹോട്ടലുകളുടെ ക്രമത്തിലാണ് പട്ടിക തയാറാക്കിയത്. 24 ലക്ഷത്തിലേറെ പേരാണ് ബുർജ് അൽ അറബിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ ചിത്രങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
ഔദ്യോഗികമായി പഞ്ചനക്ഷത്ര ഹോട്ടലെന്നാണ് അറിയപ്പെടുന്നതെങ്കിലും 'സെവൻ സ്റ്റാർ' ഹോട്ടലെന്ന ഖ്യാതി നേരത്തെ ബുർജ് അൽ അറബിനുണ്ട്. ദുബൈയിലെ മറ്റു ഹോട്ടലുകളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ജുമൈറ ബീച്ചിൽനിന്ന് 280 മീറ്റർ അകന്ന് കടലിൽ നിർമിച്ച ദ്വീപിലാണ് ബുർജ് അൽ അറബ് സ്ഥിതിചെയ്യുന്നത്. പായക്കപ്പലിന്റെ രൂപത്തിൽ നിർമിച്ച കെട്ടിടം അറബ് ലോകത്തിന്റെ നാഗരികതയെയും പൈതൃകത്തെയും അനുസ്മരിപ്പിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.