പിങ്കണിഞ്ഞ് ബുർജ് ഖലീഫ
text_fieldsദുബൈ: നിറങ്ങളുടെ സംഗമകേന്ദ്രമായ ബുർജ് ഖലീഫ ബുധനാഴ്ച രാത്രി വിളക്കണിഞ്ഞത് പിങ്ക് നിറത്തിൽ. സ്തനാർബുദ ബോധവത്കരണ ഭാഗമായാണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടം നിറം മാറിയത്. സ്തനാർബുദ ബോധവത്കരണ മാസമായ ഒക്ടോബറിൽ 'പോരാട്ടത്തിൽ പങ്കുചേരൂ, നമ്മുടെ ഹീറോകൾക്കായി പിങ്ക് ധരിക്കൂ' എന്ന സന്ദേശമാണ് പിങ്ക് അണിഞ്ഞ ബുർജ് ഖലീഫയിൽ തെളിഞ്ഞത്.
വി.പി.എസ് ഹെൽത്ത്കെയറിെൻറ പുതിയ അർബുദ ചികിത്സാ കേന്ദ്രമായ ബുർജീൽ മെഡിക്കൽ സിറ്റിയിലെ ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യുട്ടും എമിറേറ്റ്സ് ഓങ്കോളജി സൊസൈറ്റിയും എമിറേറ്റ്സ് മെഡിക്കൽ അസോസിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ബുർജ് ഖലീഫയോട് ചേർന്നുള്ള ഫൗണ്ടനും പിങ്ക് നിറമണിഞ്ഞു. സ്തനാർബുദ നിർണയത്തിനായുള്ള ബോധവത്കരണം ലക്ഷ്യമിട്ടാണ് വ്യത്യസ്തമായ പ്രചാരണ പരിപാടി.
എല്ലാവർഷവും സ്തനാർബുദ ബോധവത്കരണ മാസത്തിൽ വിപുലമായ പരിശോധന പരിപാടികളാണ് വി.പി.എസ് ഹെൽത്ത് കെയർ നടത്താറുള്ളത്. ഇക്കുറി കോവിഡ് കാരണം മൊബൈൽ പരിശോധന യൂനിറ്റ് വിവിധ പ്രദേശങ്ങളിൽ സ്‌ക്രീനിങ്ങിനായി നേരിട്ടെത്തുന്നത് ഒഴിവാക്കേണ്ടിവന്നു. വി.പി.എസ് ഹെൽത്ത്‌കെയറിനു കീഴിലുള്ള ആശുപത്രികളിൽ സൗജന്യ പരിശോധനക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.
കോവിഡ് കാലത്ത് സ്തനാർബുദ ബോധവത്കരണ സന്ദേശം ലോകം മുഴുവൻ എത്തിക്കാനാണ് ബുർജ് ഖലീഫ തന്നെ തെരഞ്ഞെടുത്തതെന്ന് വി.പി.എസ് ഹെൽത്ത്കെയർ ഓങ്കോളജി ഡയറക്ടർ ഡോ. ഹുമൈദ് അൽ ശംഷി പറഞ്ഞു.പൊതുജനങ്ങൾക്കൊപ്പം അർബുദ ചികിത്സ വിദഗ്ധരും ആരോഗ്യപ്രവർത്തകരും ബുർജ്ഖലീഫയിലെ വ്യത്യസ്തമായ ബോധവത്കരണ പരിപാടി നേരിട്ട് കാണാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.