ബുർജ് ഖലീഫ ലോകത്തെ ഏറ്റവും പ്രശസ്ത കെട്ടിടം
text_fieldsദുബൈ: ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള കെട്ടിടമെന്ന ബഹുമതി ദുബൈയുടെ അഭിമാന സ്തംഭമായ ബുർജ് ഖലീഫക്ക്. ഗൂഗ്ൾ സ്ട്രീറ്റ് വ്യൂ പുറത്തുവിട്ട പട്ടികയിലാണ് ലോകത്തെ ഏറ്റവും വലിയ കെട്ടിടത്തിന്‍റെ ജനകീയത വെളിപ്പെട്ടത്. ഏറ്റവും കൂടുതൽ ജനങ്ങൾ സന്ദർശനത്തിനായി അന്വേഷിക്കുന്ന പട്ടികയിൽ ഈഫൽ ടവറും താജ് മഹലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
ഗൂഗ്ൾ സ്ട്രീറ്റ് വ്യൂ ആരംഭിച്ച് 15വർഷമാകുന്നതിന്‍റെ ഭാഗമായാണ് കണക്കുകൾ പുറത്തുവിട്ടത്. വാർഷികാഘോഷത്തിന്‍റെ ഭാഗമായി പുതിയ ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗ്ൾ കാമറകൾ പകർത്തിയ പഴകാല ചിത്രങ്ങൾ കൂടി കാണാൻ അവസരമൊരുക്കുന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിട്ടുള്ളത്.
സ്ട്രീറ്റ് വ്യൂവിൽ ഏറ്റവും പ്രശസ്തിയുള്ള രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഇന്തോനേഷ്യയാണ്. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയാണ് ഏറ്റവും കൂടുതൽ പേർ സെർച് ചെയ്ത നഗരം.
ആകെ 220 ബില്യൺ ചിത്രങ്ങൾ ശേഖരിച്ചതായും സാൻഫ്രാൻസിസ്കോ, ന്യൂയോർക്ക്, മിയാമി എന്നിവയുൾപ്പെടെയുള്ള നഗരങ്ങളുടെ ആദ്യ ചിത്രങ്ങൾ പുറത്തിറങ്ങിയതുമുതൽ ഇതിനകം 10 ദശലക്ഷം മൈലുകൾ സഞ്ചരിച്ചതായും സ്ട്രീറ്റ് വ്യൂ ബ്ലോഗ് പോസ്റ്റിൽ അവകാശപ്പെടുന്നുണ്ട്. അതേസമയം സ്വകാര്യതയുടെ പേരിൽ തുടക്കകാലം മുതൽ നിരവധി വിമർശനങ്ങളും സംവിധാനം നേരിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.