ലാഭത്തിൽ കുതിപ്പ് തുടർന്ന് ബുർജീൽ ഹോൾഡിങ്സ്
text_fieldsഅബൂദബി: അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എ.ഡി.എക്സ്) ലിസ്റ്റ് ചെയ്ത മിഡിൽ ഈസ്റ്റിലെ പ്രമുഖ സൂപ്പർ സ്പെഷാലിറ്റി ഹെൽത്ത് കെയർ സേവനദാതാവായ ബുർജീൽ ഹോൾഡിങ്സിന് ലാഭത്തിൽ കുതിപ്പ്. ഡിസംബർ 31ന് അവസാനിച്ച 12 മാസ കാലയളവിലെ സാമ്പത്തിക ഫലങ്ങളിൽ ഗ്രൂപ്പിന്റെ വരുമാനം 15.6 ശതമാനം വർധിച്ച് 450 കോടി ദിർഹമായി.
അറ്റാദായം 52.4 ശതമാനം ഉയർന്ന് 54 കോടി ദിർഹത്തിലെത്തി. വളർച്ചാ ആസ്തികളുടെ വർധന വ്യക്തമാക്കി ഇ.ബി.ഐ.ടി.ഡി.എ 100 കോടി ദിർഹത്തിലെത്തി. 17.7 ശതമാനമാണ് വർധന.
മികച്ച സേവനങ്ങളുടെ ഭാഗമായി ഇൻപേഷ്യന്റ്, ഔട്ട്പേഷ്യന്റ് എണ്ണം യഥാക്രമം 17.5 ശതമാനം, 8.3 ശതമാനം വർധിച്ചപ്പോൾ രോഗികളുടെ എണ്ണം 60 ലക്ഷം കവിഞ്ഞു. ബുർജീൽ ഹോൾഡിങ്സിന്റെ പ്രധാന ആസ്തിയായ ബുർജീൽ മെഡിക്കൽ സിറ്റി മികച്ച സാമ്പത്തിക വളർച്ചയാണ് ഈ കാലയളവിൽ കൈവരിച്ചത്.
അടുത്ത രണ്ടു വർഷത്തിനുള്ളിൽ ദുബൈയിൽ ഒരു ആശുപത്രിയും അൽഐൻ, അൽ ദഫ്ര മേഖലകളിൽ ഡേ സർജറി സെന്ററുകളും അബൂദബിയിൽ മെഡിക്കൽ സെന്ററും തുറക്കാനാണ് ബുർജീലിന്റെ പദ്ധതി. സൗദി അറേബ്യയിൽ ആരംഭിച്ച ഫിസിയോതെറാബിയ പുനരധിവാസ ശൃംഖലയിലൂടെ ബുർജീൽ പ്രവർത്തനം വിപുലീകരിക്കുന്നത് തുടരുകയാണ്.
നിലവിൽ എട്ടു കേന്ദ്രങ്ങളുള്ള ഫിസിയോതെറാബിയ 2025 അവസാനത്തോടെ 60 കേന്ദ്രങ്ങളാക്കാനാണ് നീക്കം. റിയാദിൽ രണ്ട് പ്രത്യേക ഡേ സർജറി സെന്ററുകൾ ആരംഭിക്കുന്നതും അടുത്ത രണ്ടു വർഷത്തെ സൗദി പദ്ധതികളിൽ ഉൾപ്പെടുന്നു. അർബുദ രോഗ പരിചരണം, ട്രാൻസ്പ്ലാൻറ്, ഫീറ്റൽ മെഡിസിൻ, ന്യൂറോ സയൻസ്, സ്പോർട്സ് മെഡിസിൻ, റീഹാബിലിറ്റേഷൻ തുടങ്ങിയ മേഖലകളിൽ സങ്കീർണ സേവനങ്ങൾ ലഭ്യമാക്കുന്നതിലുള്ള പരിഗണന തുടരുമെന്ന് ഡോ. ഷംഷീർ പറഞ്ഞു.
65 ദശലക്ഷം ദിർഹം അന്തിമ ലാഭവിഹിതം വിതരണം ചെയ്യാൻ ബുർജീൽ ഹോൾഡിങ്സ് ബോർഡ് തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.