വരുമാനത്തിൽ 11ശതമാനം വർധനയുമായി ബുർജീൽ ഹോൾഡിങ്സ്
text_fieldsഅബൂദബി: അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എ.ഡി.എക്സ്) ലിസ്റ്റ് ചെയ്തിരിക്കുന്ന മിഡിൽ ഈസ്റ്റിലെ പ്രമുഖ സൂപ്പർ സ്പെഷാലിറ്റി ആരോഗ്യ സേവനദാതാവായ ബുർജീൽ ഹോൾഡിങ്സ് മികച്ച വളർച്ചയുമായി ആദ്യ പാദ സാമ്പത്തിക ഫലം പ്രഖ്യാപിച്ചു. മാർച്ച് 31ന് അവസാനിച്ച മൂന്ന് മാസ കാലയളവിൽ ഗ്രൂപ്പിന്റെ വരുമാനം 11ശതമാനം വർധിച്ച് 120 കോടി ദിർഹമായി. ഗ്രൂപ് അറ്റാദായം 16 ശതമാനമായാണ് ഉയർന്നത്. ഒറ്റത്തവണ ചെലവുകളും നികുതികളും മാറ്റിനിർത്താതെയുള്ള കണക്കാണിത്. ഇ.ബി.ഐ.ടി.ഡി.എ 26 കോടി ദിർഹമിലെത്തി 8 ശതമാനം വർധനയും നേടി.
ഗ്രൂപ്പിന്റെ ഏറ്റവും വലിയ ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റിയുടെ വരുമാനം 22 ശതമാനം ഉയർന്ന് 28.3 കോടി ദിർഹമായിട്ടുണ്ട്. ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിങ്സ് സങ്കീർണ പരിചരണ മേഖലയിൽ തുടരുന്ന മികച്ച മുന്നേറ്റമാണ് വളർച്ചക്ക് അടിത്തറ പാകുന്നത്. ഗ്രൂപ്പിന്റെ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാന്റ് പദ്ധതിയിൽ വലിയ മുന്നേറ്റമുണ്ടാക്കി ബുർജീൽ മെഡിക്കൽ സിറ്റി അടുത്തിടെ ആദ്യ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയിരുന്നു.
രോഗനിർണയ മേഖലയിൽ വൻ പുരോഗതിക്കിടയാക്കുന്ന മേഖലയിലെ ആദ്യ മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ് ആൻഡ് ഇമ്മ്യൂൺ പ്രൊഫൈൽ ടെസ്റ്റിങ് ലബോറട്ടറിയായ ഓങ്കോഹെലിക്സ് കോലാബും ഈ മാസം പ്രവർത്തനം ആരംഭിച്ചു. പ്രതികൂല ഘടകങ്ങൾ ഉണ്ടായിരുന്നിട്ടും പ്രധാന ബിസിനസ് മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായത് ഗ്രൂപ്പിന്റെ ഈ വർഷത്തെ സാമ്പത്തിക മാർഗനിർദേശവുമായി യോജിക്കുന്നതാണെന്ന് ബുർജീൽ ഹോൾഡിങ്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ജോൺ സുനിൽ പറഞ്ഞു.
അധിക വളർച്ച പദ്ധതികൾക്ക് ആവശ്യമായ നിക്ഷേപങ്ങളെ ആശ്രയിച്ച് അറ്റാദായത്തിന്റെ 40 ശതമാനം മുതൽ 70ശതമാനം വരെ പേഔട്ട് അനുപാതത്തിൽ ഈ വർഷം ഓഹരി ഉടമകൾക്ക് ഡിവിഡന്റ് നൽകാനാണ് ബുർജീൽ ഹോൾഡിങ്സ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.