സായിദ് വിമാനത്താവളത്തിൽ ക്ലിനിക് തുറന്ന് ബുർജീൽ
text_fieldsഅബൂദബി: സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 24 മണിക്കൂർ ക്ലിനിക് തുറന്ന് സൂപ്പർ സ്പെഷാലിറ്റി ഹെൽത്ത് കെയർ സേവനദാതാവായ ബുർജീൽ ഹോൾഡിങ്സ്. യാത്രക്കാർക്കും എയർപോർട്ട് ജീവനക്കാർക്കും മികച്ച വൈദ്യസഹായം ഉടനടി ലഭ്യമാക്കുന്നതിനായി ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബുർജീൽ എയർപോർട്ട് ക്ലിനിക് യാത്രക്കാർക്ക് വിമാനത്താവളത്തിന് പുറത്തു പോകാതെതന്നെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കും.
എയർപോർട്ടിൽ നടന്ന ചടങ്ങിൽ ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, അബൂദബി എയർപോർട്സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ എലീന സോർലിനി എന്നിവർ ക്ലിനിക് ഉദ്ഘാടനം ചെയ്തു. ബുർജീൽ ഹോൾഡിങ്സ് സി.ഇ.ഒ ജോൺ സുനിൽ, ഗ്രൂപ് സി.ഒ.ഒ സഫീർ അഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യാത്രക്കിടയിൽ ഉണ്ടായേക്കാവുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളെ നേരിടാൻ സജ്ജമാണ് ക്ലിനിക്. കൂടുതൽ സങ്കീർണമായ കേസുകൾ ബുർജീലിന്റെ മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യും.
ഒക്കുപേഷനൽ-പ്രിവന്റിവ് കെയർ, ഹെൽത്ത് സ്ക്രീനിങ്ങുകൾ, ഇ.സി.ജി സേവനങ്ങൾ, ഇൻഫ്യൂഷനുകൾ, കുത്തിവെപ്പുകൾ, സ്ത്രീകൾക്കുള്ള കൺസൽട്ടേഷൻ സൗകര്യങ്ങളും ക്ലിനിക്കിൽ ലഭ്യമാണ്. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ള യാത്രക്കാരെ പരിചരിക്കുന്നതിലൂടെ യു.എ.ഇ വാഗ്ദാനം ചെയ്യുന്ന ലോകോത്തര ചികിത്സ സാധ്യതകൾ പങ്കുവെക്കാനാണ് ശ്രമമെന്ന് ബുർജീൽ സി.ഇ.ഒ ജോൺ സുനിൽ പറഞ്ഞു. പൊതു ആരോഗ്യ സേവനങ്ങൾക്ക് പുറമെ വാക്സിനേഷൻ സഹായവും ക്ലിനിക് ലഭ്യമാക്കും. എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന ലേ-ഓവർ യാത്രക്കാർക്കും ക്ലിനിക് സഹായകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.