എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ തിളങ്ങി ബുർജീൽ
text_fieldsഅബൂദബി: യു.എ.ഇയിലെ തൊഴിൽ രംഗത്തെ ഏറ്റവും വലിയ പുരസ്കാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ അഞ്ചു പുരസ്കാരങ്ങളുടെ തിളക്കത്തിൽ ബുർജീൽ ഹോൾഡിങ്സ്. ആരോഗ്യ സാമൂഹിക പ്രവർത്തനമേഖലയിൽ ഗ്രൂപ്പിന് കീഴിലുള്ള എൽ.എൽ.എച്ച് ഹോസ്പിറ്റലും ബുർജീൽ ഹോസ്പിറ്റലും ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഔട്ട്സ്റ്റാൻഡിങ് വർക്ഫോഴ്സ് വിഭാഗത്തിൽ മുസഫയിലെ എൽ.എൽ.എച്ച് ആശുപത്രിയിലെ നഴ്സിങ് സൂപ്പർവൈസർ മായ ശശീന്ദ്രൻ, ലൈഫ് കെയർ ഹോസ്പിറ്റൽ ബനിയാസിലെ എച്ച്.എസ്.ഇ സൂപ്പർവൈസർ ഭരത് കുമാർ, അബൂദബി ബുർജീൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. നഷ്വ ബഹാ എൽദിൻ എന്നിവർ പുരസ്കാരത്തിന് അർഹരായി.
ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയ മായക്ക് 75,000 ദിർഹം (17 ലക്ഷം രൂപ) സമ്മാനത്തുകയായി ലഭിച്ചു. 13 വർഷത്തോളമായി യു.എ.ഇയിലെ ആരോഗ്യരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന മായ പത്തനംതിട്ടയിലെ കൂടൽ സ്വദേശിനിയാണ്. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ അബൂദബിയിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിററ്റൈസേഷൻ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ ഒന്നാമതെത്തിയ വ്യക്തികൾക്കും കമ്പനികൾക്കും പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പുരസ്കാരം നൽകി.
ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലും ചടങ്ങിൽ സന്നിഹിതനായിരുന്നു. വിവിധ വിഭാഗങ്ങളിലായി ലഭിച്ച 7,700 അപേക്ഷകളിൽനിന്നാണ് കമ്പനികളും വ്യക്തികളും ഉൾപ്പെടുന്ന വിജയികളെ തിരഞ്ഞെടുത്തത്.
തൊഴിലവസരങ്ങൾ, തൊഴിൽ ശാക്തീകരണം, ജോലി സ്ഥലത്തെ ആരോഗ്യം, സുരക്ഷ, സർഗാത്മകത, നവീകരണം, കഴിവുകൾ കണ്ടെത്തൽ, വേതനം, സാമൂഹിക ഉത്തരവാദിത്തം തുടങ്ങി സമഗ്രവും സംയോജിതവുമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിദഗ്ധ സമിതികൾ അപേക്ഷകൾ വിലയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.