പ്രവാസലോകത്തെ പിടിച്ചുലച്ച ബസപകടത്തിന് ഒരു വയസ്സ്
text_fieldsദുബൈ: ദുബൈയിലെ പെരുന്നാൾ സന്തോഷം പിന്നിട്ട പകലിലേക്ക് ശരവേഗത്തിൽ ഇരച്ചെത്തിയ ദാരുണാപകടം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ഒമാനിലെ മസ്കത്തിൽ നിന്ന് 31 യാത്രക്കാരുമായി വന്ന മുവാസലാത്ത് ബസാണ് അപകടത്തിൽപെട്ടത്. പ്രവാസിലോകത്തെയും നാടിനെയും ഒരു പോലെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ വർഷം ജൂൺ ആറിന് വൈകീട്ട് ആറോടെ ദുബൈ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദീയ എക്സിറ്റിൽ വെച്ചാണ് ഒമാൻ ബസിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ എട്ട് മലയാളികൾ ഉൾപ്പെടെ 17 പേർ അതിദാരുണമായി മരണപ്പെട്ടിരുന്നു. നിയന്ത്രണം വിട്ട ബസ് ഉയരമുള്ള വാഹനങ്ങൾക്ക് അനുമതിയില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ലക്ഷ്യസ്ഥാനത്തെത്താൻ മിനിറ്റുകൾ ശേഷിക്കവെയാണ് അപകടമുണ്ടായത്. കണ്ണൂർ തലശ്ശേരി സ്വദേശി തലശ്ശേരികളായ ഉപ്പയും മകനും മുംബൈ സ്വദേശികളായ ദമ്പതികളുമുൾപ്പെടെ 12 ഇന്ത്യക്കാരാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശി ദീപകുമാർ (40), തൃശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീൻ (49) തലശ്ശേരി സ്വദേശി ചോണക്കടവത്ത് ഉമ്മർ (65), മകൻ നബീൽ ഉമ്മർ (25), തൃശൂർ ചെമ്പൂക്കാവ് സ്വദേശി കിരൺ ജോണി (26), കോട്ടയം സ്വദേശി വിമൽ കുമാർ കാർത്തികേയൻ, കണ്ണൂർ മൊറാഴ സ്വദേശി രാജൻ പുതിയപുരയിൽ (49), വാസുദേവൻ വിഷ്ണുദാസ് എന്നിവരാണ് മരിച്ച മലയാളികൾ. ഇന്ത്യക്കാരായ വിക്രം ജവാഹർ താക്കൂർ, ഫിറോസ്ഖാൻ അസീസ് പത്താൻ, രേഷ്മാ ഫിറോസ് ഖാൻ, റോഷ്നി മൂൽ ചന്ദാനി എന്നിവരും മരണമടഞ്ഞു. രണ്ട് പാകിസ്താനികളും ഒമാൻ, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഒാരോരുത്തരും അപകടത്തിൽ മരിച്ചിരുന്നു.
ഒമാൻ സ്വദേശിയായ ബസ് ഡ്രൈവറും ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് മിർസക്ക് (20) അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പെരുന്നാൾ അവധി പ്രമാണിച്ച് ഒമാനിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ച് മടങ്ങിയവരാണ് മരിച്ചവരിലേറെയും. സൂര്യപ്രകാശം തടയാൻ മറ വെച്ചിരുന്നതിനാൽ ഉയരമുള്ള വാഹനങ്ങൾക്ക് അനുമതിയില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡ് ശ്രദ്ധയിൽപെട്ടില്ല എന്നാണ് അപകടത്തിൽപെട്ട ബസിലെ ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്. ഞെട്ടലുളവാക്കിയ അപകടത്തിന് പിന്നാലെ പെരുന്നാൾ ആഘോഷങ്ങൾക്കെല്ലാം അവധി കൊടുത്ത് മലയാളികളുൾപ്പെടുന്ന പ്രവാസലോകം നാളിതുവരെ കാണാത്ത രക്ഷാപ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയത്. കോൺസുലേറ്റും അവസരത്തിനൊത്തുയർന്ന് ചടുലതയാർന്ന പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. പല വകുപ്പുകളിലെ ഉദ്യോഗസ്ഥർ അവധിയിലും നാടുകളിലുമായിട്ടും മൃതദേഹങ്ങൾ വിട്ടുകിട്ടാനും രേഖകൾ ശരിയാക്കാനും മറ്റുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഇതൊന്നും തടസ്സമായില്ല. ദുരന്ത വ്യാപ്തി കണക്കിലെടുത്ത് വ്യാപകമായ സംവിധാനങ്ങളാണ് ദുബൈ പൊലീസും ഒരുക്കിയത്. ദുബൈ പൊലീസ് -ഫോറന്‍സിക്- -ആരോഗ്യ വിഭാഗങ്ങള്‍ അവധി ദിനത്തിലും പ്രവര്‍ത്തിച്ച് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയത് അപകടത്തിനിരയായവരുടെ ആശ്രിതർക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമായിരുന്നു.
ഇന്ത്യക്കാർ അപകടത്തിൽപ്പെട്ട വിവരം കോൺസുലേറ്റിൽ അറിയിച്ചയുടൻ ഏതെങ്കിലും ഉദ്യോഗസ്ഥരെ അയക്കാതെ കോൺസുൽ ജനറൽ വിപുൽ തന്നെ നേരിെട്ടത്തിയാണ് രക്ഷാപ്രവർത്തനങ്ങൾക്കും മറ്റു കാര്യങ്ങൾക്കും നേതൃത്വം നൽകിയത്. ആശുപത്രിയിലും മോർച്ചറിയിലും കോൺസുലേറ്റ് ഉദ്യോഗസ്ഥരെ മുഴുവൻ സമയ സേവനത്തിനായി നിയോഗിക്കുകയും ചെയ്താണ് അദ്ദേഹം മടങ്ങിയത്. ഡെത്ത് സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നതിന് പല ഒൗദ്യോഗിക കടമ്പകളും ഒഴിവാക്കാൻ യു.എ.ഇ അധികൃതർ തയാറായപ്പോൾ മരണപ്പെട്ടവരുടെ പാസ്പോർട്ടിനു പോലും കാത്തു നിൽക്കാതെ ഒൗട്ട്പാസിന് സമാനമായ രേഖ തയാറാക്കി മൃതദേഹം നാട്ടിലേക്ക് നീക്കുവാനുള്ള പ്രവർത്തനങ്ങൾ അതീവ സുഗമമാക്കിയത് ഇന്ത്യൻ കോൺസുലേറ്റിെൻറ സക്രിയമായ പ്രവർത്തനത്തെ തുടർന്നായിരുന്നു. വാഹനാപകടത്തില്‍പെട്ടവരെ സഹായിക്കാന്‍ മലയാളി സാമൂഹിക പ്രവര്‍ത്തകർ രാപകല്‍ മറന്ന് നടത്തിയ ഇടപെടൽ സാമൂഹിക-ജീവകാരുണ്യ ചരിത്രത്തിലെ അവിസ്മരണീയ ഏടായാണ് അന്ന് അടയാളപ്പെടുത്തിയത്.
അപകടത്തില്‍ പെട്ടവരില്‍ ഇന്ത്യക്കാരുണ്ടെന്നും അതില്‍ കൂടുതല്‍ മലയാളികള്‍ ആണെന്നും അറിയുന്നതിനെല്ലാം മുൻപു തന്നെ ഒട്ടുമിക്ക മലയാളി സാമൂഹിക പ്രവര്‍ത്തകരും റാഷിദ് ആശുപത്രിയിലേക്ക് ഓടിയെത്തിയിരുന്നു. രോഗികളെ പരിചരിക്കുന്നതിനു സഹായികളായും മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനും പരിക്കേറ്റവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാനും പേപ്പര്‍ ജോലികള്‍ വേഗത്തിലാക്കാനും ഇവര്‍ മുന്നില്‍ നിന്നു. യു.എ.ഇയിൽ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ പ്രവർത്തിക്കുന്ന ഹംപാസ് സന്നദ്ധകൂട്ടായ്മയുടെ പ്രവർത്തകർക്കു പുറമെ അഷ്റഫ് താമരശ്ശേരി, നസീര്‍ വാടാനപ്പള്ളി തുടങ്ങിയവരും ആശുപത്രിയിലും ഫോറൻസിക് ലാബിലും വിലമതിക്കാനാവാത്ത സേവനങ്ങളുമായി രംഗത്തുണ്ടായിരുന്നു. മാസങ്ങൾക്ക് മുമ്പ് വിടപടഞ്ഞ നന്തി നാസർക്ക എന്ന നാസറും കർമേശ്രുകനായി രംഗത്തുണ്ടായിരുന്നു. ഹംപാസ് പ്രവര്‍ത്തകരായ അലി മുഹമ്മദ്, ശഫീഖ്, കമര്‍,സാബിർ, സിറാജുദ്ദീൻ ഷമീം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പൊലീസ് സ്റ്റേഷനിലും ഫോറന്‍സിക് വിഭാഗത്തിലുമെത്തി വിവരങ്ങൾ ശേഖരിക്കാനും മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് സമാശ്വാസമേകാനും വിശ്രമമില്ലാതെ സന്നദ്ധപ്രവർത്തകർ പ്രവർത്തിച്ചത്. ദേശാഭിമാനി വിചാരവേദി പ്രവർത്തകരായ സി.കെ റിയാസ്, ഗോപി, കുഞ്ഞിമുഹമ്മദ് തുടങ്ങിയവരും ആശുപത്രിയില്‍ സജീവമായിരുന്നു.
വൻ ദുരന്തം എന്നാണ് സംഭവത്തെ ദുബൈ ആർ.ടി.എ അധികൃതർ വിശേഷിപ്പിച്ചത്. ബസ് സ്റ്റേഷനിലേക്ക് തിരിക്കുന്നതിനു പകരം ബസുകൾക്ക് അനുമതിയില്ലാത്ത റോഡിലേക്ക് ഡ്രൈവർ ബസ് പായിച്ചതാണ് അപകടം വരുത്തിവെച്ചതെന്നും ആർ.ടി.എ സി.ഇ.ഒ അഹ്മദ് ഹാഷിം ബെഹ്റൂസിയാൻ ചൂണ്ടിക്കാട്ടിയിരുന്നു. ഡ്രൈവർമാരുടെ ചെറിയ അശ്രദ്ധ വലിയ ദുരന്തങ്ങൾക്കും അനേകരുടെ ജീവഹാനിക്കും വഴിവെക്കും എന്നതിെൻറ വലിയ ഉദാഹരണമാണിതെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ലാ ഖലീഫ അൽ മറിയും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.