ഗ്യാസ് സിലിണ്ടർ കടത്തിയ ബസ് പിടിച്ചെടുത്തു
text_fieldsദുബൈ: ലൈസൻസില്ലാത്ത ഗ്യാസ് സിലിണ്ടറുകൾ കടത്തുകയായിരുന്ന പാസഞ്ചർ ബസ് ദുബൈ പൊലീസ് പിടിച്ചെടുത്തു. പൊതുസുരക്ഷ മാനദണ്ഡങ്ങൾ ലംഘിക്കുന്ന തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടന്ന പരിശോധനയിലാണ് ബസ് പിടികൂടിയത്.
വ്യക്തികളെ കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്നത് അപകടകരമാണെന്ന് അധികൃതർ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
സുരക്ഷ മുൻകരുതലുകളില്ലാതെ ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന വാഹനം അപകടത്തിൽ പെട്ടാൽ വലിയ മാനുഷിക ദുരന്തത്തിന് കാരണമാകുമെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്നത് സുരക്ഷിതമായ രീതിയിലും അംഗീകൃത നിയന്ത്രണങ്ങൾക്കനുസൃതമായും ആയിരിക്കണമെന്ന് ദുബൈ പൊലീസ് സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന വിഭാഗം ഡയറക്ടർ ബ്രി. അലി അൽ ശംസി പറഞ്ഞു.
വാഹനത്തിന് നിർദിഷ്ട നിറവും തുറന്ന മേൽക്കൂരയും ഉണ്ടായിരിക്കണമെന്നും അപകടകരമായ, തീപിടിക്കുന്ന വസ്തുക്കൾ വാഹനത്തിലുണ്ടെന്ന് റോഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന സൂചനകളും അടയാളങ്ങളും ഉണ്ടായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലൈസൻസുള്ളതും അംഗീകൃതവുമായ വ്യക്തികളിൽ നിന്ന് മാത്രം സിലിണ്ടറുകൾ വാങ്ങാനും ലൈസൻസില്ലാത്ത വിൽപനക്കാരിൽ നിന്ന് വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ ലെഫ്. കേണൽ താലിബ് മുഹമ്മദ് അൽ അമീരി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.