വിദ്യാർഥികളാണോ ? ബസിൽ നിരക്കിളവുണ്ട്
text_fieldsനാട്ടിലെ ബസുകളിൽ വിദ്യാർഥികൾക്ക് ഇളവ് നൽകുന്നത് സ്ഥിരം വിവാദമാണല്ലോ. കേരളത്തിൽ നിരക്കിളവ് നൽകുന്നുണ്ടെങ്കിലും അത് ഒഴിവാക്കണമെന്നതാണ് ബസ് മുതലാളിമാരുടെ പ്രധാന ആവശ്യം. ഓരോ തവണ ഇന്ധന വില ഉയരുമ്പോഴും ഈ വിവാദം വീണ്ടും ഉയരാറുണ്ട്. ഇവിടെ യു.എ.ഇയിലും വിദ്യാർഥികൾക്ക് ബസിലും മെട്രോയിലുമെല്ലാം നിരക്കിളവുണ്ട്. എന്നാൽ, പലർക്കും ഇക്കാര്യം അറിയാത്തതിനാൽ ഉപയോഗപ്പെടുത്താറില്ല. സ്കൂൾ, യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കാണ് ഇളവ് നൽകുന്നത്. ദുബൈ, അജ്മാൻ, റാസൽഖൈമ എമിറേറ്റുകളിൽ നിന്ന് ഓപറേറ്റ് ചെയ്യുന്ന ബസുകൾക്കാണ് ഇളവ്. ഇളവ് ലഭിക്കാൻ അതാത് ട്രാൻസ്പോർട്ട് അധികൃതരുടെ സ്മാർട്ട് കാർഡ് സ്വന്തമാക്കണം. ഇതിനായി ചില നടപടിക്രമങ്ങൾ പാലിക്കണം.
ദുബൈ
ദുബൈയിൽ 50 ശതമാനം നിരക്കിളവാണ് ബസിലും മെട്രോയിലും ട്രാമിലും നൽകുന്നത്. ഇതിനായി ആർ.ടി.എയുടെ നീല നിറത്തിലുള്ള പേഴ്സനൽ നോൾ കാർഡിനായി അപേക്ഷിക്കണം. വിദ്യാർഥികളുടെ എമിറേറ്റ്സ് ഐ.ഡിയുമായി ബന്ധപ്പെടുത്തിയാണ് ഈ കാർഡ് നൽകുന്നത്. ഒരുവർഷത്തേക്കാണ് കാർഡിന്റെ കാലാവധി. ഇതിന് ശേഷം പുതുക്കാൻ കഴിയും. പുതുക്കിയില്ലെങ്കിൽ സാധാരണ നിരക്ക് തന്നെ നൽകേണ്ടി വരും. www.rta.ae എന്ന വെബ്സൈറ്റിലൂടെയോ RTA Dubai എന്ന മൊബൈൽ ആപ്പ് വഴിയോ കാർഡിന് അപേക്ഷിക്കാം. എമിറേറ്റ്സ് ഐ.ഡിയുടെ പകർപ്പ്, വെള്ള ബാക്ക് ഗ്രൗണ്ടുള്ള ഫോട്ടോ, ഇപ്പോൾ യു.എ.ഇയിലെ വിദ്യാർഥിയാണെന്ന് തെളിയിക്കുന്ന രേഖ എന്നിവ അപ്ലോഡ് ചെയ്യണം. 70 ദിർഹമാണ് കാർഡിന്റെ വില. ഇതിൽ 50 ദിർഹം അപേക്ഷ ഫീസാണ്. 20 ദിർഹം കാർഡിൽ ബാലൻസുണ്ടാവും.
അജ്മാൻ
അജ്മാനിലെ ബസുകളിൽ 30 ശതമാനം ഇളവാണ് വിദ്യാർഥികൾക്ക് ലഭിക്കുന്നത്. ഇതിനായി മസാർ കാർഡാണ് ഉപയോഗിക്കേണ്ടത്. അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ വെബ്സൈറ്റായ ta.gov.ae വഴി അപേക്ഷിക്കാം. അജ്മാൻ സെൻട്രലിലെ അൽ മുസല്ല ബസ് സ്റ്റേഷനിൽ നേരിട്ടെത്തിയാലും കാർഡ് ലഭിക്കും. എമിറേറ്റ്സ് ഐ.ഡിയും സ്കൂളിൽ നിന്ന് ലഭിക്കുന്ന സ്റ്റുഡന്റ് ഐ.ഡിയുമാണ് നൽകേണ്ടത്. അധികൃതർ ആവശ്യപ്പെട്ടാൽ സ്കൂളിൽ നിന്നുള്ള കത്തും ഹാജരാക്കണം. 25 ദിർഹമാണ് കാർഡിന്റെ നിരക്ക്. ഇതിൽ 20 ദിർഹവും കാർഡിൽ ബാലൻസുണ്ടാവും.
റാസൽഖൈമ
റാസൽഖൈമയിൽ 50 ശതമാനം ഇളവ് ലഭിക്കും. റാസൽഖൈമ എമിറേറ്റിന്റെ ഉള്ളിൽ സർവീസ് നടതുന്ന ബസുകളിലാണ് ഈ ഇളവ് ലഭിക്കുക. ഇന്റർസിറ്റി ബസ് ടിക്കറ്റുകൾക്ക് ഇളവില്ല. യൂനിവേഴ്സിറ്റി, സ്കൂൾ വിദ്യാർഥികൾ ഇളവ് ലഭിക്കാൻ സിൽവർ കാർഡ് സ്വന്തമാക്കണം. എമിറേറ്റ്സ് ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി എന്നിവയാണ് ഇതിനായി സമർപ്പിക്കേണ്ടത്. അൽ ദൈദിലെ അൽ ഹംറ ബസ് സ്റ്റേഷനിൽ നിന്ന് സിൽവർ കാർഡുകൾ നേരിട്ട് വാങ്ങാം. 20 ദിർഹമാണ് കാർഡിന്റെ വില. ഇതിൽ 10 ദിർഹം കാർഡിലുണ്ടാവും. ഇത് യാത്രക്ക് ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.