ദുബൈയിൽനിന്ന് അബൂദബി വിമാനത്താവളത്തിലേക്ക് ബസ്
text_fieldsദുബൈ-അബൂദബി വിമാനത്താവളം സർവിസിന് ഉപയോഗിക്കുന്ന ബസുകൾ
ദുബൈ: എമിറേറ്റിൽനിന്ന് അബൂദബി വിമാനത്താവളത്തിലേക്ക് ബസ് സർവിസ് ഏർപ്പെടുത്തുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ദുബൈ ഇബ്നുബത്തൂത്ത ബസ് സ്റ്റേഷനിൽനിന്ന് 'വിസ് എയർ' യാത്രക്കാരെ വിമാനത്താവളത്തിലെ ഒന്ന്, രണ്ട്, മൂന്ന് ടെർമിനലുകളിൽ എത്തിക്കാനാണ് ആദ്യഘട്ടത്തിൽ പദ്ധതി. ഇതിനായി 'കാപിറ്റൽ എക്സ്പ്രസു'മായി ആർ.ടി.എ കരാറിലെത്തി.
പദ്ധതി മറ്റു വിമാനങ്ങളിലെ യാത്രക്കാർക്കും ലഭ്യമാക്കുമെന്ന് അധികൃതർ സൂചന നൽകിയിട്ടുണ്ട്. വിമാന ടിക്കറ്റിനൊപ്പം ബസ് ടിക്കറ്റ് ചാർജ് കൂടി ഇടാക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കുന്നത്. യാത്രക്കാരുടെ ലഗേജുകൾകൂടി കൊണ്ടുപോകാനുള്ള സൗകര്യവുമുണ്ടാകും. ദുബൈയിൽ സേവനം സുഗമമാക്കുന്നതിനാവശ്യമായ പാർക്കിങ് സ്ഥലങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആർ.ടി.എ ഒരുക്കും. യാത്രക്കാരെ എത്തിക്കുന്നതിനുള്ള ചുമതലയാണ് കാപിറ്റൽ എക്സ്പ്രസ് നിർവഹിക്കുക.
കരാർ ദുബൈ-അബൂദബി ഗതാഗത സർവിസുകളെ വളരെയധികം മെച്ചപ്പെടുത്തുമെന്ന് ആർ.ടി.എ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ അഹമ്മദ് ഹാഷിം ബഹ്റോസിയാൻ പറഞ്ഞു. സ്വകാര്യ മേഖലയുമായി കൈകോർക്കുന്നത് ആർ.ടി.എയുടെ സേവനങ്ങളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബൂദബി ഇന്റർനാഷനൽ എയർപോർട്ട് ഉൾപ്പെടെ രണ്ട് എമിറേറ്റുകളുടെയും സുപ്രധാന മേഖലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന സർവിസുകൾ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുമെന്ന് ക്യാപിറ്റൽ എക്സ്പ്രസ് സി.ഇ.ഒ ഇയാദ് ഇഷാഖ് അൽഅൻസാരി പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

