റാസൽഖൈമയിൽനിന്ന് ഗ്ലോബൽ വില്ലേജിലേക്ക് ബസ്
text_fieldsറാസൽഖൈമ: ദുബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിലേക്ക് പരീക്ഷണാർഥം തുടങ്ങിയ ബസ് സർവിസ് സ്ഥിരമായി തുടരുമെന്ന് റാക് ട്രാൻസ്പോർട്ട് അതോറിറ്റി (റാക്ട) അറിയിച്ചു. കഴിഞ്ഞ മാസം 16നാണ് ട്രയൽ റൺ തുടങ്ങിയത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് മൂന്നിനും നാലിനുമാണ് റാസൽഖൈമയിൽനിന്ന് ബസ് പുറപ്പെടുക. രാത്രി 10നും 12നുമാണ് തിരികെ യാത്ര. വൺവേ ടിക്കറ്റ് നിരക്ക് 30 ദിർഹമാണ് നിശ്ചയിച്ചിട്ടുള്ളത്. ‘റാക്ബസ്’ ആപ്പിൽ സീറ്റ് ബുക്ക് ചെയ്യാനും ടിക്കറ്റ് എടുക്കാനും സൗകര്യമുണ്ട്.
‘റാക്ട’യും ദുബൈ റോഡ് ഗതാഗത അതോറിറ്റിയും (ആർ.ടി.എ) ഗ്ലോബൽ വില്ലേജും ചേർന്നാണ് സർവിസ് ഒരുക്കുന്നത്. കുടുംബങ്ങളടക്കം നിരവധി പേർ സന്ദർശിക്കുന്ന സ്ഥലമെന്ന നിലയിലാണ് ഗ്ലോബൽ വില്ലേജിലേക്ക് ഗതാഗത സൗകര്യമൊരുക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. ഇന്റർസിറ്റി ബസ് സർവിസ് വിപുലീകരിക്കുന്നതിനും എല്ലാവർക്കും പൊതുഗതാഗതം സുഗമമാക്കുന്നതിനും ലക്ഷ്യംവെച്ചാണ് റൂട്ടിൽ സർവിസ് ആരംഭിച്ചതെന്ന് ‘റാക്ട’ ക്വാളിറ്റി ആൻഡ് ഓപറേഷൻസ് കൺട്രോൾ വകുപ്പ് ഡയറക്ടർ മുഹമ്മദ് ഹാശിം ഇസ്മാഈൽ പറഞ്ഞു.
ദുബൈക്കുള്ളിലെ ബഹുജന ഗതാഗത ശൃംഖല സുഗമമാക്കുന്നതിനും എമിറേറ്റുകൾ തമ്മിൽ ഫലപ്രദമായ ബന്ധം സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയതെന്ന് ആർ.ടി.എ ദുബൈ ആസൂത്രണ, ബിസിനസ് വികസന വകുപ്പ് ഡയറക്ടർ ആദിൽ ശക്രി പറഞ്ഞു.റാസൽഖൈമ എമിറേറ്റിൽനിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള അതിഥികളുടെ വരവ് സുഗമമാക്കുന്നതിന് ഏർപ്പെടുത്തിയ പുതിയ സേവനത്തിനായി ‘റാക്ട’, ആർ.ടി.എ ദുബൈ എന്നിവയുമായി സഹകരിക്കാനായതിൽ അഭിമാനിക്കുന്നുവെന്നും ഗ്ലോബൽ വില്ലേജ് സീനിയർ ഡയറക്ടർ മുഹമ്മദ് ഇസ്ഹാഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.