അജ്മാനിൽ ബസ് ഓൺ ഡിമാൻഡ് സർവിസ് നിർത്തി
text_fieldsഅജ്മാൻ: എമിറേറ്റിൽ ഏറെ യാത്രക്കാർ ഉപയോഗിച്ചുവരുന്ന ബസ് ഓൺ ഡിമാൻഡ് താൽക്കാലികമായി നിർത്തി. ജൂൺ നാലുമുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സേവനം നിർത്തിയതായാണ് അധികൃതർ അറിയിച്ചത്. രാവിലെ ആറുമുതൽ രാത്രി 11വരെ ലഭ്യമായ സേവനം വഴി ഏഴ് ദിർഹം ചെലവിൽ യാത്ര ചെയ്യാം. യാത്രക്കാർക്ക് സമയനഷ്ടം ഒഴിവാക്കാനും ഗതാഗതക്കുരുക്കിൽപ്പെടാതെ ലക്ഷ്യസ്ഥാനത്തെത്താനും സഹായകമായിരുന്നു സർവിസ്. ആപ് വഴിയാണ് ബസിൽ സീറ്റ് ബുക്ക് ചെയ്യുന്നത്. ആവശ്യക്കാർക്കനുസരിച്ചാണ് ബസിന്റെ റൂട്ട് നിർണയിച്ചിരുന്നത്.
യാത്രക്കാരന് പോകാനുള്ള സ്ഥലം ആപ്പിൽ നൽകിയാൽ ആർട്ടിഫിഷൽ ഇന്റലിജൻസ് വഴി ആപ്ലിക്കേഷൻ ബസിന് എത്തിക്കാവുന്ന ഏറ്റവുമടുത്ത സ്ഥലം നിർണയിക്കും. സർവിസ് നിരക്ക് ആപ് വഴിതന്നെ അടക്കാനും സൗകര്യമുണ്ട്. ഒരു ഉപഭോക്താവ് തന്നെ ഒന്നിലധികം പേർക്ക് ബുക്ക് ചെയ്യുകയാണെങ്കിൽ മറ്റുള്ളവർക്ക് നാലു ദിർഹം വീതം നൽകിയാൽ മതിയാകും.
ഇത്തരത്തിൽ നാലാളുകൾക്ക് വരെയാണ് ഒരുമിച്ച് ബുക്ക് ചെയ്യാനാകുക. താൽക്കാലികമായി മാത്രമാണ് സേവനം നിർത്തിവെച്ചതെന്നും യാത്രക്കാരുടെ സഹകരണത്തിന് നന്ദിയറിക്കുന്നതായും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.