ഊദ് മേത്തയിലേക്കും ബർഷയിലേക്കും ‘ബസ് ഓൺ ഡിമാൻഡ്’
text_fieldsദുബൈ: ഊദ് മേത്തയിലേക്കും ബർഷയിലേക്കും ‘ബസ് ഓൺ ഡിമാൻഡ്’ സേവനം ഏർപ്പെടുത്തി ദുബൈ ഗതാഗത അതോറിറ്റി (ആർ.ടി.എ). ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് സേവനം തിരക്കേറിയ കൂടുതൽ മേഖലകളിലേക്ക് കൂടി നീട്ടിയത്. വളരെ വേഗത്തിലും എളുപ്പത്തിലുമുള്ള ഗതാഗത സംവിധാനമെന്ന നിലക്ക് സമീപകാലത്ത് ‘ബസ് ഓൺ ഡിമാൻഡ്’ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.
അതിവേഗത്തിൽ ജനസംഖ്യാ വളർച്ച രേഖപ്പെടുത്തുന്ന ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗത സംവിധാനങ്ങളിൽ ഒന്നാണ് ‘ബസ് ഓൺ ഡിമാൻഡ്’ സേവനമെന്നും, പുതിയ മേഖലകളിലേക്ക് നീട്ടിയത് ഗതാഗതക്കുരുക്ക് കുറയാനും ട്രാഫിക് സുഗമമാക്കാനും സഹായിക്കുമെന്ന് ആർ.ടി.എയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയിലെ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ആദിൽ ശക്രി പറഞ്ഞു.
സേവനം നിലവിൽ നഗരത്തിലെ സുപ്രധാന മേഖലകളായ അൽ ബർഷ, ദുബൈ സിലിക്കൺ ഒയാസിസ്, അൽ നഹ്ദ, ബിസിനസ് ബേ, ഡീൺടീൺ ദുബൈ എന്നിവിടങ്ങളിൽ ലഭ്യമാണ്. കൂടുതൽ മേഖലകളിൽ സേവനം ലഭ്യമായതോടെയാണ് കൂടുതൽ ആവശ്യക്കാർ ബസുകൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നത്. പൊതുഗതാഗത രംഗത്ത് മെട്രോ, ട്രാം സർവിസുകളില്ലാത്ത മേഖലകളിൽ സേവനം നിരവധി പേർക്കാണ് ഉപകാരപ്പെടുന്നത്.‘ബസ് ഓൺ ഡിമാൻഡ്’ സ്മാർട് ആപ്പ് വഴിയാണ് ഉപഭോക്താക്കൾ ബസ് സേവനം ആവശ്യപ്പെടേണ്ടത്.
ആപ്പ് വഴി തന്നെ പേയ്മെന്റ് അടക്കാനുള്ള സൗകര്യവുമുണ്ട്. പൊതുഗതാഗത ബസ് സർവിസുകളുള്ള സ്ഥലങ്ങളിലേക്ക് എത്തിച്ചേരാനും സമയവും പണവും ലാഭിക്കാനും ഇത് ഉപയോഗപ്പെടുത്തുന്നതിലൂടെ കഴിയും. താമസകേന്ദ്രങ്ങളും ബസ് സ്റ്റേഷനുകളും തമ്മിൽ ബന്ധിപ്പിക്കുന്നത് കൂടിയാണ് സർവിസ്. 13 പേർക്ക് സഞ്ചരിക്കാവുന്ന ചെറിയ ബസുകളാണ് സേവനത്തിന് ഉപയോഗിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.