പണം നൽകാത്തവരെ പിടിക്കാൻ സംവിധാനം; ദുബൈയിൽ ബസിൽ യാത്രക്കാരുടെ തലയെണ്ണും
text_fieldsദുബൈ: പണം നൽകാതെ മുങ്ങുന്നവരെ പിടികൂടാൻ ബസുകളിൽ പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാൻ ഒരുങ്ങി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ബസിലെ യാത്രക്കാരുടെ എണ്ണം ഓട്ടോമാറ്റിക്കായി കണക്കാക്കുന്ന സംവിധാനമാണ് ആർ.ടി.എ അവതരിപ്പിക്കുന്നത്.
പുതുതായി പുറത്തിറക്കുന്ന ബസുകളിൽ ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിങ് സംവിധാനമുണ്ടായിരിക്കുമെന്നാണ് സൂചന. ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവരെ പിടികൂടാൻ ഈ സംവിധാനം സഹായകമാകും.യാത്രക്കാരെ പൂർണ വിശ്വാസത്തിലെടുത്താണ് ഇപ്പോൾ ദുബൈയിലെ ബസുകൾ സർവിസ് നടത്തുന്നത്.
യാത്രക്കായി ബസിൽ കയറുന്നതിന് മുമ്പും ഇറങ്ങിയതിനുശേഷം പണം നൽകാനുള്ള നോൽകാർഡ് യാത്രക്കാർ ടാപ്പ് ചെയ്യണം. എന്നാൽ, ടാപ്പ് ചെയ്യാതെ ബസിൽ സൗജന്യയാത്ര നടത്തുന്നവരുണ്ട്. ഇൻസ്പെക്ടർമാർ നടത്തുന്ന ചില മിന്നൽ പരിശോധനകളിലാണ് ഇവർ പിടിയിലാകാറ്. പണം നൽകാതെ യാത്ര ചെയ്തവരിൽ 200 ദിർഹം പിഴ ഈടാക്കും. എന്നാൽ, ആർ.ടി.എ പുതുതായി ഇറക്കുന്ന 636 ബസുകളിലും ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിങ് സംവിധാനമുണ്ടാകും. ഇതിന്റെ സെൻസറുകൾ ബസിൽ കയറുന്ന ഓരോ യാത്രക്കാരന്റെയും കണക്കെടുക്കും. നോൽകാർഡ് ടാപ്പ് ചെയ്തവരുടെ എണ്ണവും ബസിൽ കയറിയവരുടെ എണ്ണവും ഈ സംവിധാനം ഒത്തുനോക്കും. ടാപ്പ് ചെയ്യാത്തവരെ ഉടൻ പരിശോധനയിലൂടെ തിരിച്ചറിയാനുമാകും.
കഴിഞ്ഞവർഷം ഏപ്രിലിൽ നടന്ന ആറുദിവസത്തെ മാത്രം പരിശോധനയിൽ പണം നൽകാതെ ബസിൽ യാത്രചെയ്ത 1193 പേർക്ക് ദുബൈയിൽ പിഴയിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.