മുസന്ദത്തേക്ക് റാസൽഖൈമയിൽ നിന്ന് ബസ് സർവീസ്
text_fieldsറാസൽഖൈമ: ഒമാനിലെ മുസന്ദത്തെ റാസൽഖൈമയുമായി ബന്ധിപ്പിക്കുന്ന ബസ് സർവീസ് ആരംഭിക്കുന്നു. ഇത് സംബന്ധിച്ച് റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റിയും മുസന്ദം മുനിസിപ്പാലിറ്റിയും സഹകരണ കരാറിൽ ഒപ്പുവെച്ചു. റാസൽഖൈമയെ മുസന്ദവുമായി ബന്ധിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര പൊതുഗതാഗത ബസ് സർവീസാണിത്. ധാരാളം വിനോദ സഞ്ചാരികൾ യാത്ര ചെയ്യുന്ന സുപ്രധാന റൂട്ടാണിത്. യു.എ.ഇയിൽ നിന്ന് അവധിദിനങ്ങളിലും മറ്റും നിരവധി പേരാണ് മുസന്ദത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാറുള്ളത്. മുസന്ദം ഗവർണറേറ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെക്കൽ ചടങ്ങ് നടന്നത്. മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സെയ്ദ് ബിൻ ഇബ്രാഹിം അൽ ബുസൈദിയുടെ സാന്നിധ്യത്തിൽ റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റിയെ പ്രതിനിധീകരിച്ച് ഡയറക്ടർ ജനറൽ എൻജി. ഇസ്മായീൽ ഹസൻ അൽ ബലൂഷി കരാറിൽ ഒപ്പുവച്ചു.
ഇരു പ്രദേശങ്ങളും തമ്മിലെ ഭാവി സഹകരണത്തിന്‍റെ തുടക്കമാണ് കരാറെന്ന് എൻജി. ഇസ്മായീൽ ഹസൻ അൽ ബലൂഷി പറഞ്ഞു. കരാർ പ്രകാരം റാസൽഖൈമയിലെ അൽദൈത് സൗത്ത് ഏരിയ ബസ് സ്റ്റേഷനിൽ നിന്നാണ് സർവീസ് ആരംഭിക്സ്ക. മുസന്ദം ഗവർണറേറ്റിൽ ഉൾപ്പെടുന്ന കസബ് വിലായത്തിലാണ് യാത്ര അവസാനിക്കുക. റാസൽഖൈമയിലെ റംസ് ഏരിയ, ഷാം ഏരിയ എന്നിവിടങ്ങളിലും മുസന്ദം ഗവർണറേറ്റിൽ ഹർഫ് ഏരിയ, ഖദ ഏരിയ, ബുഖ വിലായത്ത്, തിബാത്ത് ഏരിയ എന്നിവിടങ്ങളിലും ബസിന് സ്റ്റോപ്പുകളുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
യു.എ.ഇയിൽ നിന്ന് ഓരോ വർഷവും ഏറെപേർ വിനോദ സഞ്ചാരത്തിന് പോകുന്ന സ്ഥലമാണ് മുസന്ദം. ഭൂമിശാസ്തപരമായി യു.എ.ഇയുമായി ചേർന്നുനിൽക്കുന്ന സ്ഥലമായതിനാൽ യാത്ര എളുപ്പമാണെന്നത് എല്ലാവരെയും ഇവിടേക്ക് ആകർഷിക്കുന്ന ഘടകമാണ്. മനോഹരമായ കടലും മലനിരകളുമെല്ലാ മികച്ച കാഴ്ച സമ്മാനിക്കുന്ന സ്ഥലമാണിത്. കടലിൽ ഇറങ്ങി കുളിക്കാനും മറ്റു ജലവിനോദങ്ങൾക്കുമാണ് മിക്കവരും ഇവിടേക്ക് യാത്ര ചെയ്യുന്നത്. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സിപ്‌ലൈനാണ് മുസന്ദത്തേത്. 220 മീറ്റർ ഉയരത്തിലാണ് ഇതുള്ളത്. സിപ്‌ലൈൻ സൈറ്റിലേക്കുള്ള റോഡിന്‍റെ നിർമാണവും പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞ വർഷം ആദ്യം മുസന്ദം ഗവർണറേറ്റിൽ ആരംഭിച്ച അഡ്വഞ്ചർ സെന്‍റർ പദ്ധതിയുടെ പ്രധാന ഭാഗമാണ് സിപ്‌ലൈൻ. ഇത് ഗവർണറേറ്റിന്‍റെ ടൂറിസം മേഖലയിൽ കൂടുതൽ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ ടൂറിസ്റ്റ് ഗ്രൂപ്പുകളെയും സാഹസിക പ്രേമികളേയും ആകർഷിക്കുന്നതിനൊപ്പം പ്രദേശത്തെ വിനോദ, സാമ്പത്തിക മേഖലയിൽ നിക്ഷേപം വർധിപ്പിക്കാനും പദ്ധതി സഹായകമാകും. റാസൽഖൈമയിൽ നിന്നുള്ള ബസ് സർവീസ് ആരംഭിക്കുന്നതോടെ ഈ മേഖലകളിലേക്ക് എത്താൻ യു.എ.ഇയിലെ വടക്കൻ എമിറേറ്റുകളിലുള്ളവർക്ക് സൗകര്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.