ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് 18 മുതൽ ബസ് സർവിസ്
text_fieldsദുബൈ: ലോകത്തെ ഏറ്റവും വലിയ വിനോദ, കച്ചവട പ്രദർശനമേളയൊരുക്കുന്ന ദുബൈ ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് സർവിസുകൾ പ്രഖ്യാപിച്ച് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). ഗ്ലോബൽ വില്ലേജിൽ 28ാമത് സീസൺ ആരംഭിക്കുന്ന ഈ മാസം 18 മുതൽതന്നെ ബസ് സർവിസുകളും ആരംഭിക്കും.
റാശിദിയ സ്റ്റേഷൻ, അൽ ഇത്തിഹാദ് സ്റ്റേഷൻ, അൽ ഗുബൈബ സ്റ്റേഷൻ, മാൾ ഓഫ് എമിറേറ്റ്സ് സ്റ്റേഷൻ എന്നിങ്ങനെ നാലു ബസ് സ്റ്റേഷനുകളിൽനിന്നാണ് സർവിസ് ആരംഭിക്കുക. അൽ ഇത്തിഹാദ് സ്റ്റേഷനിൽനിന്ന് 40 മിനിറ്റ് ഇടവേളകളിലും റാശിദിയ, അൽ ഗുബൈബ, മാൾ ഓഫ് എമിറേറ്റ്സ് സ്റ്റേഷനുകളിൽനിന്ന് ഓരോ മണിക്കൂർ ഇടവിട്ടും ബസ് സർവിസ് ഉണ്ടായിരിക്കുമെന്ന് ആർ.ടി.എ അറിയിച്ചു. സിംഗിൾ ട്രിപ്പിന് 10 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഡീലക്സ് കോച്ചുകളും സർവിസിന് ഉപയോഗിക്കും.
കൂടാതെ, ഇലക്ട്രിക് അബ്ര സർവിസുകളും ഗ്ലോബൽ വില്ലേജിലേക്ക് നടത്തും. വാട്ടർ കനാൽ വഴി രണ്ട് പരമ്പരാഗത ബോട്ടുകളാണ് ഇലക്ട്രിക് സംവിധാനത്തിലൂടെ സർവിസ് നടത്തുക. ഉഷ്ണകാലം ആരംഭിച്ചതോടെ അടച്ചിട്ട ഗ്ലോബൽ വില്ലേജിൽ ശൈത്യകാലത്താണ് പുതുസീസണിന് തുടക്കമാവുക. ലോകത്തിന്റെ നാനാഭാഗത്തുനിന്ന് ദുബൈയിലെത്തുന്ന വിനോദസഞ്ചാരികൾക്കും സ്വദേശികൾക്കും ഏറ്റവും വലിയ ആകർഷണമാണ് ദുബൈ ഗ്ലോബൽ വില്ലേജ്. വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ വലിയ ശേഖരമാണ് സന്ദർശകരെ ഇവിടെ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.