ദുബൈയിൽ കാത്തിരിപ്പിന് നവീനമായ ബസ് ഷെൽട്ടറുകൾ
text_fieldsദുബൈ: സുസ്ഥിരവും സുരക്ഷിതവുമായ ജീവിതത്തിന് അനുയോജ്യമായ നഗരമെന്ന നിലയിൽ ദുൈബയുടെ പ്രതിച്ഛായ ഉയർത്തുന്നതിനും പൊതുഗതാഗത സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുന്ന യാത്രക്കാർക്ക് മികച്ച സൗകര്യമൊരുക്കുന്നതിനുമായി നവീനമായ നാല് ബസ് ഷെൽട്ടറുകൾ തുറന്നു. 1550 ഷെൽട്ടറുകൾ നിർമിക്കുന്ന ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) പദ്ധതിയുടെ ആദ്യഘട്ടമായാണിത്.യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകരിച്ച നൂതന രൂപകൽപന പ്രകാരമാണ് തയാറാക്കിയത്. 3-4 വർഷത്തിനുള്ളിൽ 1550 ഷെൽട്ടറുകൾ നിർമിക്കും. പ്രധാന സ്റ്റോപ്പുകളിലെ ഷെൽട്ടറുകളുടെ ഒരു ഭാഗം എയർകണ്ടീഷണ്ടായിരിക്കും. മറ്റു ഭാഗങ്ങൾ ബ്രാൻഡിങ്ങിനുള്ള സ്ഥലമായി ഉപയോഗപ്പെടുത്തും. ബസ് നെറ്റ്വർക്ക്, ടൈംടേബിൾ, സേവന ആവൃത്തി, ബസ് യാത്രക്കാർക്ക് ആവശ്യമായ മറ്റ് വിവരങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന സ്ക്രീനുകളും ഉണ്ടാകും. പാർക്കിങ് ബൈക്കുകൾക്കും ടിക്കറ്റ് വെൻഡിങ് മെഷീനുകൾക്കും ഇടമുണ്ട്.
സ്വകാര്യമേഖലയുമായി സഹകരിച്ച് ബി.ഒ.ടി അടിസ്ഥാനത്തിലാണ് പദ്ധതി. ഷെൽട്ടറുകളുടെ നിർമാണത്തിനും പ്രവർത്തനത്തിനുമുള്ള ധനസഹായം നിക്ഷേപകർ വഹിക്കുകയും പരസ്യത്തിൽ നിന്നുള്ള വരുമാനം 12 വർഷത്തിനുള്ളിൽ ആർ.ടി.എയുമായി പങ്കിടുന്നതാണ് കരാർ. ആർ.ടി.എയുടെ വരുമാനം വൈവിധ്യവത്കരിക്കുമെന്നും പൊതു-സ്വകാര്യ പങ്കാളിത്തത്തിെൻറ പ്രധാന ലക്ഷ്യങ്ങൾ നിറവേറ്റുമെന്നും ആർ.ടി.എയുടെ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടിവ് ഡയറക്ടർമാരുടെ ചെയർമാനുമായ മതാർ അൽ താഇർ പറഞ്ഞു.ആദ്യ ഷെൽട്ടർ സത്വ റൗണ്ട്എബൗട്ടിന് സമീപമാണ്. ഇത് പ്രതിദിനം 750 യാത്രക്കാർക്ക് ഉപയോഗിക്കും. രണ്ടാമത്തേത് ബുർജ് ഖലീഫ ബൊളിവാർഡിന് അരികിലാണ്. പ്രതിദിനം 250-750 യാത്രക്കാർക്കുള്ള സൗകര്യമുണ്ട്. അൽ മുസ്തക്ബാൽ സ്ട്രീറ്റിലെ പാർക്ക് ടവേഴ്സിന് സമീപമുള്ള മൂന്നാമത്തെ ഷെൽട്ടർ ദിവസവും 100 മുതൽ 250 പേർക്ക് പ്രയോജനപ്പെടുത്താം. എമിറേറ്റ്സ് ടവേഴ്സിെൻറ പിൻഭാഗത്തുള്ള അൽ മുസ്തക്ബാൽ സ്ട്രീറ്റിലെ പിക്ക് അപ്പ് ഡ്രോപ്പ്- ഓഫ് സ്റ്റോപ്പിലാണ് നാലാമത്തെ ഷെൽട്ടർ.
ദുബൈ കോഡ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷനുമായി യോജിക്കുന്നതാണ് പുതിയ ബസ് ഷെൽട്ടറുകളുടെ രൂപകൽപന. എല്ലാ ഷെൽട്ടറുകളിലും വീൽചെയർ ട്രാക്കുകൾ ഉറപ്പുവരുത്തിയിട്ടുണ്ട്. 2020 ഓടെ ദുബൈ നഗരത്തെ നിശ്ചയദാർഢ്യ വിഭാഗത്തിൽപെടുന്നവരുടെ സൗഹൃദ നഗരമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് ആൽ മക്തൂം പദ്ധതി പ്രഖ്യാപിച്ചു. ‘എെൻറ സമൂഹം ... എല്ലാവർക്കുമുള്ള നഗരം’എന്ന സംരംഭത്തിെൻറ ഏകീകരണവും നിശ്ചദാർഢ്യ വിഭാഗക്കാർക്ക് സന്തോഷം പകരാനുള്ള ആർ.ടി.എയുടെ ശ്രമവും അടയാളപ്പെടുത്തുന്നതായും മതാർ അൽ താഇർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.