പുതുവത്സര ദിനത്തിൽ ബസുകൾ ഓടിത്തുടങ്ങും: എക്സ്പോ 2020 മെട്രോ പാതയിൽ ലിങ്ക് സർവിസായി പുതിയ റൂട്ടുകൾ
text_fieldsദുബൈ: പുതുവത്സര ദിനത്തിൽ എക്സ്പോ 2020 മെട്രോ പാതയിലേക്ക് ദുബൈ മെട്രോ പാത നീട്ടുന്നതിന് പിന്നാലെ രണ്ടു ബസ് റൂട്ടുകളും ആരംഭിക്കുന്നു. മെട്രോ ലിങ്ക് സർവിസായി തുടങ്ങുന്ന രണ്ടു പുതിയ ബസ് റൂട്ടുകളും ജനുവരി ഒന്നുമുതൽ ആരംഭിക്കുമെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) വ്യക്തമാക്കി. പുതുതായി ആരംഭിച്ച അൽ ഫജർ മെട്രോ സ്റ്റേഷനും ദുബൈ ഇൻറർനെറ്റ് സിറ്റി സ്റ്റേഷനും കേന്ദ്രീകരിച്ചാണ് ലിങ്ക് സർവിസ്.
റൂട്ട് എഫ് 45 അൽ ഫർജാൻ മെട്രോ സ്റ്റേഷനിൽനിന്ന് ആരംഭിച്ച് ഡിസ്കവറി ഗാർഡനിൽ യാത്ര അവസാനിപ്പിക്കും. പ്രധാന സമയങ്ങളിൽ ഓരോ 20 മിനിറ്റിലും സർവിസുണ്ടാകും. റൂട്ട് എഫ് 56 ദുൈബ ഇൻറർനെറ്റ് സിറ്റി സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് അൽ ഖൈൽ മെട്രോ സ്റ്റേഷനിലേക്ക് 15 മിനിറ്റ് ഇടവേളകളിൽ സർവിസ് നടത്തും. ദുബൈ മെട്രോയുടെ റൂട്ട് 2020 സംയോജിപ്പിക്കുന്നതിൽ ബസ് റൂട്ടുകൾ എഫ് 45, എഫ് 56 എന്നിവ പ്രധാന പങ്കുവഹിക്കുമെന്ന് ആർ.ടി.എയുടെ പൊതുഗതാഗത ഏജൻസിയിലെ ആസൂത്രണ, ബിസിനസ് വികസന ഡയറക്ടർ അഡെൽ ഷാഖേരി പറഞ്ഞു.
പുതിയ റൂട്ടുകൾ യാഥാർഥ്യമാകുന്നതോടെ രണ്ടു ബസ് റൂട്ടുകൾ നിർത്തലാക്കുമെന്ന് ആർ.ടി.എ ചൂണ്ടിക്കാട്ടി.ദുബൈ ഇൻറർനെറ്റ് സിറ്റി മെട്രോ സ്റ്റേഷൻ മുതൽ ഡിസ്കവറി ഗാർഡൻസ് വരെയുള്ള റൂട്ട് 85 നിർത്തലാക്കിയേക്കും. ഇബ്നു ബത്തൂത്ത മെട്രോ സ്റ്റേഷൻ മുതൽ ഡിസ്കവറി ഗാർഡൻസ് വരെയുള്ള റൂട്ട് എഫ് 42 ആണ് നിർത്തലാക്കുന്ന റൂട്ടുകളിൽ രണ്ടാമത്തേത്. പൊതുജനങ്ങൾക്ക് വളരെ എളുപ്പത്തിലും സുഖകരമായും നിശ്ചിതസ്ഥലങ്ങളിലെത്താൻ വിപുലമായ സംവിധാനങ്ങളാണ് ആർ.ടി.എ പൊതുഗതാഗത രംഗത്ത് ഉറപ്പുവരുത്തുന്നത്.പുതുവത്സരം പ്രമാണിച്ച് ഡിസംബർ 31 മുതൽ ജനുവരി രണ്ടുവരെ ഇടവേളകളില്ലാതെ സർവിസ് നടത്താനൊരുങ്ങുകയാണ് ദുബൈ മെട്രോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.