പുതു സാധ്യതകളിലേക്ക് വാതിൽ തുറന്ന് ‘ബിസിനസ് സമ്മിറ്റ്’
text_fieldsഅബൂദബി: ആഗോളതലത്തിലെ പുതിയ വ്യാപാര-വാണിജ്യ സാധ്യതകളും യു.എ.ഇയുടെയും കേരളത്തിന്റെയും ബിസിനസ്, ടൂറിസം മേഖലയിലെ കുതിച്ചുചാട്ടവും അവസരങ്ങളും ചർച്ച ചെയ്ത് ‘ഗൾഫ് മാധ്യമം ബിസിനസ് സമ്മിറ്റ്’. അബൂദബി ഖലീഫ സ്ട്രീറ്റ് ‘ലെ റോയൽ മെറിഡിയൻ’ ഹോട്ടലിൽ നടന്ന ചടങ്ങിൽ നിരവധി വ്യവസായികളും പ്രഫഷനലുകളും പങ്കെടുത്തു. ഹൈലൈറ്റ് ഗ്രൂപ് സി.ഇ.ഒ അജിൽ മുഹമ്മദ് ആദ്യ സെഷനിൽ ‘പ്രോപർട്ടി മേഖലയിലെ നിക്ഷേപ സാധ്യതകൾ’ എന്ന വിഷയം അവതരിപ്പിച്ചു.
രാജ്യാന്തര ബ്രാൻഡുകളും നിക്ഷേപ സംരംഭകരും കടന്നുവരുന്ന സാഹചര്യത്തിൽ അവർക്ക് പ്രതീക്ഷയേകുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന വലിയ ഉത്തരവാദിത്തം കേരളത്തിലെ ബിസിനസുകൾക്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് നിക്ഷേപകരെ ആകർഷിക്കാനുള്ള സാധ്യതകൾ കൂടിയാണ്. ഒപ്പം നമ്മുടെ ബിസിനസുകളുടെ വളർച്ചക്ക് അത് മുതൽക്കൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതൊരു സ്റ്റാർട്ടപ് ബിസിനസുകളും പരീക്ഷണങ്ങളാണെന്നും വ്യത്യസ്തമായി ചിന്തിക്കുകയും വേറിട്ട ബിസിനസ് രീതികൾ അവതരിപ്പിക്കുകയും ചെയ്യുമ്പോഴാണ് സംരംഭകനായി ഉയർന്നുവരാൻ കഴിയുകയെന്നും കൊൽക്കത്ത വെഞ്ചേഴ്സ് മാനേജിങ് ഡയറക്ടർ അവെലോ റോയ് വ്യക്തമാക്കി. ആഗോള സാമ്പത്തിക വിപണിയിലെ നിക്ഷേപക സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ച് ഓറിയന്റ് ഫിനാൻസ് പ്രതിനിധികളായ സുധീഷ് ചക്കിങ്ങൽ, മനോഹരൻ കൃഷ്ണൻ എന്നിവർ സദസ്സുമായി സംവദിച്ചു.
മോറിക്കാപ് റിസോർട്ട് ചെയർമാൻ നിഷിൻ തസ്ലിം സി.എം, ഡി.എ.ആർ.ടി. സി സി.ഇ.ഒ ദുൽഖിഫിൽ ഇ. അബ്ദുൽ റഷീദ്, ടെൻ എക്സ് പ്രോപർട്ടീസ് സ്ഥാപകനും സി.ഇ.ഒയുമായ സുകേഷ് ഗോവിന്ദൻ തുടങ്ങിയവരും വിവിധ സെഷനുകളിൽ സംസാരിച്ചു. ഷാർജയിൽ ജൂൺ 7,8,9 തിയതികളിൽ നടക്കുന്ന കമോൺ കേരളക്ക് മുന്നോടിയായാണ് ബിസിനസ് സമ്മിറ്റ് ഒരുക്കിയത്. ജൂൺ അഞ്ചിന് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ഹാളിലും ബിസിനസ് സമ്മിറ്റ് ഒരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0563553158.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.