ഇന്ത്യയിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമിറക്കുമെന്ന് വ്യവസായികൾ
text_fieldsദുൈബ: ഇന്ത്യയുടെ ഭക്ഷ്യമേഖലയിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമിറക്കുമെന്ന് യു.എ.ഇയിലെ സ്ഥാപനങ്ങളും വ്യവസായികളും. രണ്ട് ദിവസമായി നടന്ന യു.എ.ഇ-ഇന്ത്യ ഭക്ഷ്യസുരക്ഷ ഉച്ചകോടിയിലാണ് അവർ ഇക്കാര്യം പ്രഖ്യാപിച്ചത്. 500ഓളം പേർ പങ്കെടുത്ത ഉച്ചകോടി സമാപിച്ചു. ഇന്ത്യയിൽ 250 ദശലക്ഷം ഡോളർ മുതൽ ഒരു ബില്യൺ ഡോളർ വരെ നിക്ഷേപമിറക്കുമെന്ന് ഷറഫ് ഗ്രൂപ് പ്രതിനിധി ആനന്ദ് കലസ്കർ പറഞ്ഞു. നിലവിലുള്ള 300 ദശലക്ഷം ഡോളറിെൻറ നിക്ഷേപത്തിന് പുറമെയാണിത്.
നിലവിൽ കപ്പൽ, റെയിൽ, റോഡ്, വ്യോമഗതാഗതം ഉൾപ്പെടെയുള്ള മേഖലയിലാണ് ഷറഫ് ഗ്രൂപ്പിന് നിക്ഷേപമുള്ളത്. ഭക്ഷ്യസുരക്ഷയിൽ തോളോടുതോൾ ചേർന്ന് പ്രവർത്തിക്കേണ്ട രാജ്യങ്ങളാണ് ഇന്ത്യയും യു.എ.ഇയുമെന്ന് ലുലു ഗ്രൂപ് ഇൻറർനാഷനൽ സി.ഇ.ഒയും അഗ്തിയ ഗ്രൂപ് ബോർഡ് മെംബറുമായ സയ്ഫീ രൂപവാല പറഞ്ഞു. ഇന്ത്യയിലെ സംരംഭകർക്ക് മികച്ച സാധ്യതകളാണ് യു.എ.ഇ മാർക്കറ്റ്. ലോകോത്തര സൗകര്യങ്ങളും യാത്രാസംവിധാനവും യു.എ.ഇയുടെ മികവാണ്. വർഷം 3500 കോടി രൂപയുടെ പഴം, പച്ചക്കറി, മത്സ്യം, മാംസം, വസ്ത്രങ്ങൾ തുടങ്ങിയവ ലുലു ഗ്രൂപ് ഇന്ത്യയിലേക്ക് കയറ്റിയയക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ബുധനാഴ്ച നടന്ന അഗ്രോടെക് സെഷനിൽ അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് തുടങ്ങിയവയെ കുറിച്ച് ചർച്ച നടന്നു. ആധുനിക സാങ്കേതികവിദ്യകൾ എങ്ങനെയൊക്കെ പരീക്ഷിക്കാം എന്നതും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും പ്രമുഖ കമ്പനികൾ അവരുടെ നൂതന പദ്ധതികൾ അവതരിപ്പിച്ചു. മധ്യപ്രദേശിലെ മെഗാ ഫുഡ് പാർക്ക് പദ്ധതി അഞ്ചാം ഘട്ടത്തിലാണെന്നും യു.എ.ഇ നിക്ഷേപകരെ ഇവിടേക്ക് ക്ഷണിക്കുന്നതായും പ്രോജക്ട് ഹെഡ് മനോജ് ശർമ പറഞ്ഞു. ലോജിസ്റ്റിക്സ് മേഖലയിൽ 22 ദശലക്ഷം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്നും രണ്ട് വർഷത്തിനുള്ളിൽ 16 ശതമാനമായി ഉയരുമെന്നും ലോജിസ്റ്റിക്സ് മേധാവി രാഹുൽ അഗർവാൾ വ്യക്തമാക്കി. രണ്ട് ദിവസത്തെ ഉച്ചകോടിയിൽ ചർച്ച ചെയ്ത വിഷയങ്ങൾ ഗൗരവമായെടുക്കണമെന്നും ആശയങ്ങൾ ഉടൻ നടപ്പാക്കാൻ മുന്നിട്ടുവരണമെന്നും കോൺസുൽ ജനറൽ അമൻ പുരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.