തിരക്കിലമർന്ന് ദുബൈ നഗരം
text_fieldsദുബൈ: എക്സ്പോ 2020ദുബൈക്ക് തുടക്കം കുറിച്ചതോടെ നഗരം തിരക്കിലമർന്നു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ദുബൈയിലേക്ക് എത്തിച്ചേരുന്നവരുടെ എണ്ണം വർധിച്ചതാണ് വിമാനത്താവളവും നിരത്തുകളും ഹോട്ടലുകളും എല്ലാം തിരക്കിലാവാൻ കാരണമായത്. ദുബൈ, അബൂദബി വിമാനത്താവളങ്ങൾ വഴിയും മറ്റും എത്തിച്ചേരുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. ഇന്ത്യയിൽ നിന്നടക്കം വിവിധ രാജ്യങ്ങളിൽ നിന്ന് വിമാന ടിക്കറ്റ് നിരക്കിലും ഇതുകാരണം വർധനവുണ്ടായി. എക്സ്പോ ആരംഭിച്ചതിന് പുറമെ, നിരവധി വിനോദസഞ്ചാര-കായിക ആഘോഷങ്ങൾ ഒക്ടോബറിൽ യു.എ.ഇയിൽ വിരുന്നെത്തുന്നതും സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളിലും നിരത്തുകളിലും ഏറ്റവും തിരക്കനുഭവപ്പെട്ടത് കഴിഞ്ഞ ദിവസങ്ങളിലാണ്.
കച്ചവട സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഇത് പ്രതിഫലിക്കുന്നുണ്ട്.
മെട്രോകളിലും ബസുകളിലും തിരക്ക് വർധിച്ചു. എന്നാൽ എക്സ്പോ യാത്രക്കാർക്ക് പ്രത്യേകം ബസ്, മെട്രോ, ടാക്സി സൗകര്യമൊരുക്കിയതിനാൽ ദൈനംദിന യാത്രകൾക്ക് പ്രയാസം നേരിടുന്ന സാഹചര്യമില്ല.
എക്സ്പോ നഗരിയിലേക്ക് നയിക്കുന്ന പാതകളിൽ വെള്ളിയാഴ്ചയോടെ തിരക്ക് വർധിക്കും. എന്നാൽ കൃത്യമായ മുന്നൊരുക്കവും കണിശമായ മോണിറ്ററിങ് സംവിധാനവുമുള്ളതിനാൽ ഗതാഗത തടസം അടക്കമുള്ള പ്രശ്നങ്ങൾ വല്ലാതുണ്ടാവില്ല. മാസങ്ങൾക്ക് ശേഷം ജനങ്ങൾ നഗരത്തിലേക്ക് ഒഴുകിത്തുടങ്ങുന്നതിൽ ഹോട്ടൽ, കഫ്തീരിയ മേഖലകളിലുള്ളവരും ശുഭപ്രതീക്ഷയിലാണ്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിനാൽ അതിഥികൾക്ക് മികച്ച സേവനം ലഭ്യമാക്കാൻ സാഹചര്യമൊരുങ്ങിയിട്ടുണ്ട്. ദുബൈ, അബൂദബി, ഷാർജ, സ്റ്റേഡിയങ്ങളിൽ ഈ മാസം 18മുതൽ ആരംഭിക്കുന്ന ട്വൻറി20 ക്രിക്കറ്റ് ലോകകപ്പ്, 26ന് തുടങ്ങുന്ന ദുബൈ ഗ്ലോബൽ വില്ലേജ്, ഇതിനകം തുടങ്ങിക്കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് മൽസരങ്ങൾ എന്നിവയും വിദേശത്തു നിന്ന് എത്തുന്നവരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. വിവിധ എമിറേറ്റുകളിൽ നിന്ന് ആഭ്യന്തര യാത്ര ചെയ്യുന്ന പൗരന്മാരുടെയും താമസക്കാരുടെയും എണ്ണത്തിലും വർധനവുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.