അടുത്ത ആഴ്ചയോടെ രാജ്യത്തെ പകുതി വിദ്യാർഥികളും സ്കൂളിലെത്തും
text_fieldsദുബൈ: യു.എ.ഇയിലെ സ്കൂളുകളിൽ ഉയർന്ന ക്ലാസുകളിലെ പകുതി വിദ്യാർഥികൾ അടുത്തയാഴ്ച മുതൽ എത്തും. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒമ്പതു മുതൽ 12 വരെ ക്ലാസുകളിലെ പകുതി വിദ്യാർഥികളെയെങ്കിലും ഈ മാസം 17 മുതൽ സ്കൂളിൽ തിരികെ എത്തിക്കാനാണ് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ തീരുമാനം. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതല സ്കൂളുകൾക്കായിരിക്കും. അബൂദബിയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ പുതിയ അധ്യയനവർഷം തുടങ്ങിയിട്ടും ഓൺലൈൻ വിദ്യാഭ്യാസ രീതി തുടരുന്ന സാഹചര്യത്തിലാണ് മുതിർന്ന വിദ്യാർഥികളെയെങ്കിലും സ്കൂളിലെത്തിക്കാൻ ശ്രമം ശക്തമാക്കുന്നത്.
ശീതകാല അവധിക്കുശേഷം രാജ്യത്തെ സ്കൂളുകളിൽ കഴിഞ്ഞ ആഴ്ചയാണ് അധ്യയനം പുനരാരംഭിച്ചത്. കാമ്പസുകളിൽ കർശനമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർഥികളെത്തിയെങ്കിലും അബൂദബിയിലെ പബ്ലിക് സ്കൂളുകളിൽ രണ്ടാഴ്ചക്കാലം വിദൂരപഠനം തന്നെയായിരുന്നു തീരുമാനം. ദുബൈയിൽ വിദ്യാർഥികളുടെ ഇഷ്ടാനുസാരം പഠനരീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് അനുവദിച്ചത് എന്നതിനാൽ സമ്മിശ്ര പ്രതികരണമാണുണ്ടായത്. വിദൂര പഠനം തുടരാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ ക്ലാസുകളിലും മറ്റുള്ളവർക്ക് ക്ലാസ്റൂമിലുമാണ് പഠനം തുടരുന്നത്.
ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പഠനരീതി തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് മൂന്ന് ഓപ്ഷനുകൾ നൽകിയിരുന്നു. വീട്ടിലിരുന്ന് വിദൂരമായി പഠിക്കുക, സ്കൂളിൽ പോകുക, അല്ലെങ്കിൽ വിദൂര പഠനവും ക്ലാസ് റൂം അടിസ്ഥാനമാക്കിയുള്ള അധ്യാപനവും സംയോജിപ്പിച്ചുള്ള പഠനരീതി തിരഞ്ഞെടുക്കുക എന്നിങ്ങനെ മൂന്ന് അവസരങ്ങളാണ് നൽകിയിരിക്കുന്നത്. എന്നാൽ, ഷാർജയിലെ ഭൂരിഭാഗം കുട്ടികളും വീട്ടിലിരുന്നുള്ള ഓൺലൈൻ പഠനത്തിനാണ് കൂടുതൽ പരിഗണന നൽകിയത്. ക്ലാസുകളിലെത്തുന്നവരുടെ എണ്ണം കേവലം 10 ശതമാനത്തിലും താഴെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.