കരിപ്പൂർ: വലിയ വിമാനങ്ങൾക്ക് അനുമതിയായി; പ്രതീക്ഷയോടെ പ്രവാസികൾ
text_fieldsദുബൈ : കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോഡ് ഇ വിഭാഗത്തിൽ പെട്ട വിമാനങ്ങൾ ഇറക്കുന്നതിനായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷെൻറ അനുമതിയായതോടെ, ഇതുവരെ യാത്രാക്ലേശം അനുഭവിച്ചു വന്നിരുന്ന മലബാറിലെ പ്രവാസികൾക്കു പ്രതീക്ഷയേറി.ഉത്തരവിറങ്ങിയെങ്കിലും വലിയ വിമാനങ്ങളുടെ സർവീസ് തുടങ്ങാൻ സാങ്കേതികമായി ഇനിയും ദിവസങ്ങളെടുക്കും.എങ്കിലും എമിറേറ്റ്സ്, സൗദി എയർലൈൻസ് തുടങ്ങിയ കമ്പനികൾ തുടർന്നും ഇവിടെ സർവീസ് നടത്താൻ സന്നദ്ധരാവുമെന്ന ശുഭ പ്രതീക്ഷയിൽ തന്നെയാണ് മലബാറിലെ പ്രവാസികൾ. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്നും അവർ കരുതുന്നു. അടുത്ത വർഷം ഹജ്ജ് സർവീസുകൾ കരിപ്പൂരിൽ തിരികെയെത്തുമെന്നാണ് മറ്റൊരു പ്രതീക്ഷ.
റൺവേ ബലപ്പെടുത്തുന്നതിെൻറ ഭാഗമായാണ് കരിപ്പൂർ വിമാനത്താവളത്തിൽ ഏകദേശം രണ്ടു വർഷം മുമ്പ് വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവെച്ചത്. ഇതുമൂലം പ്രവാസിയാത്രികർ ഏറെ ദുരിതം അനുഭവിച്ചിരുന്നു. വിമാനങ്ങളുടെ കുറവുമൂലം യാത്രാക്കൂലിയിലും വൻ വർധനവുണ്ടായി. മലബാറിലെ, ടൂറിസം- വാണിജ്യ മേഖലയിലും ഇക്കാരണത്താൽ വൻ മാന്ദ്യമുണ്ടായിത്തീരുകയും ചെയ്തു. ഒടുവിൽ മലബാറിലെ പ്രവാസികളുടെയും കുടുംബങ്ങളുടെയും വികാരമായി ഈ പ്രശ്നം മാറുകയായിരുന്നു. തുടർന്ന് കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലബാർ ഡെവലപ്മെൻറ് ഫോറം പ്രശ്നം ഏറ്റെടുക്കുകയും , പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.
കരിപ്പൂരിനോട് കാണിക്കുന്ന വിവേചനങ്ങൾ തെളിവ് സഹിതം നിരത്തി ഹൈക്കോടതിയിൽ എം.ഡി.എഫ് പ്രസിഡണ്ട് കെ.എം.ബഷീർ റിട്ട് ഫയൽ ചെയ്തു. ഇതേ തുടർന്നാണ് ഉന്നത ഔദ്യോഗിക സംഘം വിമാനത്താവളം സന്ദർശിക്കുകയും റൺവേയും സാങ്കേതിക സൗകര്യങ്ങളും പരിശോധിക്കുകയും, വലിയ വിമാനങ്ങൾക്ക് വീണ്ടും അനുമതി നൽകുകയും ചെയ്തത്. എം ഡി എഫിനൊപ്പം, ഗൾഫ് മേഖലയിലെ കൂട്ടായ്മകളും പ്രതിഷേധത്തിൽ അണിനിരന്നു. യു എ ഇ കേന്ദ്രീകരിച്ചു മലബാർ പ്രവാസി കൂട്ടായ്മയുടെ പേരിൽ ഡോ: ആസാദ്മൂപ്പൻ, മോഹൻ വെങ്കിട്, എ.കെ.ഫൈസൽ, രാജൻ കൊളാവിപാലം, അഡ്വ.മുഹമ്മദ് സാജിദ് , ജമീൽ ലത്തീഫ്, റിയാസ് ഹൈദർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടിൽ നിന്നെത്തുന്ന മന്ത്രിമാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് കൺവെൻഷനുകളും സെമിനാറുകളും സംഘടിപ്പിക്കുകയും, പ്രവാസികളുടെ ഒപ്പുശേഖരണം നടത്തി നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തു. മലബാറിെൻറ വികസന കവാടമായ കരിപ്പൂർ വിമാനത്താവളം പൂർവ സ്ഥിതിയിൽ എത്തിക്കുവാനായി എം.ഡി.എഫ് നടത്തുന്ന ശ്രമങ്ങൾക്ക് മലബാർ പ്രവാസി കൂട്ടായ്മ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.