കോള്‍ ഫ്രം സ്പേസ്; നിയാദിയുമായി സംവദിച്ച് റാക് കിരീടാവകാശി
text_fieldsറാസല്‍ഖൈമ: ബഹിരാകാശത്തുനിന്ന് റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുമായി സംവദിച്ച് യു.എ.ഇയുടെ ബഹിരാകാശ യാത്രികന് സുല്‍ത്താന്‍ അല്‍ നിയാദി. ഹയര്‍ കോളജ് ഓഫ് ടെക്നോളജി ഹാളില്‍ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിന്റെ സഹകരണത്തോടെയാണ് ‘കോള്‍ ഫ്രം സ്പേസ്’ പരിപാടി ഒരുക്കിയത്. ‘ദൈവത്തിന് സ്തുതി, ഇന്ന് നിങ്ങളെ കേള്‍ക്കുന്നതിലും റാസല്‍ഖൈമയിലെ പ്രിയപ്പെട്ടവര്‍ക്കെല്ലാം അഭിനന്ദനമര്പ്പിക്കുന്നതിലും എനിക്ക് സന്തോഷമുണ്ട്. നന്ദിയുണ്ട്. യു.എ.ഇയെയും അറബ് ലോകത്തെയും പ്രതിനിധാനംചെയ്ത് സ്പേസില്‍ നില്ക്കുന്നതില് അഭിമാനമുണ്ട്’ -സുല്‍ത്താന്‍ അല്‍ നിയാദിയുടെ വാക്കുകള്‍ ആവശേപൂര്വമാണ് സദസ്സ് സ്വീകരിച്ചത്.
ശൈഖ് സായിദില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരാണ് യു.എ.ഇയിലെ ജനങ്ങള്‍. ഇച്ഛാശക്തിയും ഉറച്ച കാല്‍വെപ്പുകളുമാണ് നമ്മുടെ വിജയനിദാനം. നിങ്ങള്‍ അകലെയാണെങ്കിലും നിങ്ങളുടെ സാന്നിധ്യം ഞങ്ങള്‍ അനുഭവിക്കുന്നു. ഞങ്ങള്‍ നിങ്ങളോടൊപ്പം നില്ക്കുന്നു. നിങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു -റാക് കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് സുല്‍ത്താന്‍ അല്‍ നിയാദിയോട് പറഞ്ഞു.
ശൈഖ് മുഹമ്മദിനും വിവിധ വകുപ്പ് മേധാവികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ആയിരത്തോളം വിദ്യാര്‍ഥികളും സുല്‍ത്താന്‍ അല്‍ നിയാദിയെ ശ്രവിക്കാനെത്തിയിരുന്നു. സുല്‍ത്താനുമായുള്ള ഈ കാള്‍ മികച്ച അനുഭവം സമ്മാനിക്കുന്നതായിരുന്നുവെന്ന് ഒരു വിദ്യാര്‍ഥി അഭിപ്രായപ്പെട്ടു. സുല്‍ത്താന്‍ അല്‍ നിയാദിയോടുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെല്ലാം എനിക്ക് പ്രയോജനകരമായിരുന്നു. വളരുമ്പോള്‍ സുല്‍ത്താന്‍ അല്‍ നിയാദിയെപോലെ ആകണമെന്ന ആഗ്രഹവും ഒരു വിദ്യാര്‍ഥി പങ്കുവെച്ചു. ബഹിരാകാശ യാത്രികനാകാനും ബഹിരാകാശ പര്യവേക്ഷണം നടത്താനും ആഗ്രഹിക്കുന്നതായും വിദ്യാര്‍ഥി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.