ഒട്ടകങ്ങളെഴുതിയ ജീവകാവ്യങ്ങൾ
text_fieldsഒട്ടകങ്ങൾ നൂറ്റാണ്ടുകളായി യു.എ.ഇയുടെ ജീവിത താളക്രമത്തിന്റെ കേന്ദ്രമാണ്. ഗതാഗതം, ഭക്ഷണം, വിനോദം എന്നിവയിലെല്ലാം തന്നെ ഒട്ടകങ്ങൾ താണ്ടിയ ദൂരങ്ങൾക്ക് കണക്കില്ല. യു.എ.ഇ പൈതൃകത്തിന്റെ പ്രതീകമാണ് ഒട്ടകങ്ങൾ. രാജ്യത്തിന്റെ പാരമ്പര്യങ്ങളിലും സാംസ്കാരിക ആചാരങ്ങളിലും ഒട്ടകങ്ങളുടെ സാന്നിധ്യം തുടരുന്നു. ഒട്ടക മാംസം വളരെക്കാലമായി ഇമാറാത്തി ഭക്ഷണ രീതിയുടെ ഒരു പ്രധാന ഭാഗമാണ്. കൂടാതെ അവയുടെ പാലും പാലുത്പന്നങ്ങളും വിപണിയുടെ പ്രധാനഭാഗമാണ്. ചോക്ലേറ്റുകളും ബിസ്ക്കറ്റുകളും നിർമിക്കാൻ ഒട്ടകപ്പാൽ ഉപയോഗിക്കുന്നു. പരമ്പരാഗത ഇമാറാത്തി ചികിത്സ രീതികളിൽ ഒട്ടക പാലിനുള്ള സ്ഥാനം വലുതാണ്. ബദുക്കളുടെ യാത്രകളിലെല്ലാം അവർ ഒട്ടകങ്ങളെ കൂടെ കൂട്ടി. മലകളും മരുഭൂമികളും താണ്ടുന്ന ജൈവീക യാത്ര വേളകളിൽ ഇവർ ഒട്ടക പാൽ മാത്രം കുടിച്ചു ജീവിക്കാറുണ്ട്. ഒട്ടകപാൽ ധാതുക്കൾ, ജീവകം, മാംസ്യങ്ങൾ, ഇമ്മ്യൂണോഗ്ലോബുലിൻ എന്നിവയാൽ സമൃദ്ധമാണ്. പശുവിന്റെ പാലിനെ അപേക്ഷിച്ച് കൊഴുപ്പും ലാക്റ്റോസും കുറവാണ്. എന്നാൽ പൊട്ടാസ്യം, ഇരുമ്പ്, ജീവകം സി എന്നിവ കുടുതലാണ്. ഒട്ടകപാലിൽനിന്നും തൈര് പെട്ടെന്ന് നിർമിക്കാൻ സാധിക്കുന്നു. ഒട്ടകപാലിൽനിന്നും പാൽക്കട്ടി ഉണ്ടാകുന്നതു വളരെ പ്രയാസമേറിയ കാര്യമാകയാൽ ഇത് സുലഭമായി മാർക്കറ്റിൽ ലഭ്യമല്ല. ഒട്ടകങ്ങളായിരുന്നു ബദുക്കളുടെയും അവരുടെ സാധനങ്ങളുടെയും പ്രധാന ഗതാഗത മാർഗ്ഗം. ഒട്ടകങ്ങൾ പോയ വഴികളാണ് പിന്നീട് വേഗമേറിയ പാതകളായി രൂപപ്പെട്ടത്. ഒട്ടക സവാരി യു.എ.ഇയിലെ സന്ദർശകർക്ക് ആവേശകരമായ അനുഭവമാണ്. കാരണം ഇത് എമിറേറ്റിലെ ആദ്യകാല ജീവിതത്തിന്റെയു സംസ്കാരത്തിന്റെയും സമൃദ്ധിയുടെയും ഒരു നേർക്കാഴ്ചയാണ്.
വടക്കൻ മേഖലയിലും പശ്ചിമ അബൂദബിയിലും ഒട്ടകസവാരി വിനോദ സഞ്ചാര മേഖലയുടെ പ്രധാന ഭാഗമാണ്. ബദുക്കളെ സംബന്ധിച്ചിടത്തോളം, ഒട്ടക കമ്പിളി ഒരു മൾട്ടി പർപ്പസ് ഫാബ്രിക് ആയിരുന്നു. അത് അവരുടെ പല അവശ്യ വസ്തുക്കളുടെയും അടിസ്ഥാനമായി. ഇവ ഉപയോഗിച്ചാണ് വസ്ത്രങ്ങൾ, റഗ്ഗുകൾ, ടെന്റുകൾ എന്നിവ തയ്യാറാക്കിയത്. വിവിധ കലകളും കരകൗശലങ്ങളും ഒട്ടക കമ്പിളി ഉപയോഗിച്ച് ചിട്ടപ്പെടുത്തി. അതിനാൽ പ്രാദേശിക സർഗ്ഗാത്മകതയുടെ പ്രകടനത്തിൽ ഇത് ഒരു പ്രധാന പങ്ക് വഹിച്ചു. ചരിത്രത്തിലുടനീളം, ഒട്ടകങ്ങൾ അറബ് ജീവിതത്തിന്റെ ഒരു അഭിമാന ചിഹ്നമായി വർത്തിച്ചിട്ടുണ്ട്. കാരണം ഉടമസ്ഥതയിലുള്ള ഒട്ടകങ്ങളുടെ എണ്ണത്താൽ സമ്പത്ത് പ്രകടമാക്കിയിരുന്നു. ഒട്ടകങ്ങളെ ഉപയോഗിച്ചുള്ള മത്സരങ്ങൾ യു.എ.ഇയിലെ ആധുനിക കാഴ്ച്ചകളിൽ പ്രധാനമാണ്. പൗരാണികതയുടെ പാതയിൽ നിന്ന് നവീന സംസ്കൃതിയുടെ വേഗങ്ങളിലേക്ക് ഒട്ടകങ്ങൾ തല ഉയർത്തിപ്പിടിച്ച് കടന്നുവരുന്നു. സൗന്ദര്യമത്സരങ്ങളിലൂടെയും ഒട്ടകങ്ങൾ പതിറ്റാണ്ടുകളായി ബദുവിയൻ ഗോത്രങ്ങളെ രസിപ്പിച്ചിട്ടുണ്ട്. ഇന്നും ഒട്ടക റേസിങ് വളരെ ജനപ്രിയമായ ഒരു കായിക വിനോദമാണ്.
യു.എ.ഇ.യിൽ ഉടനീളം ആധുനിക സൗകര്യങ്ങളുള്ള 15 ഒട്ടക റേസിങ് ട്രാക്കുകളുണ്ട്. 2008ലെ അൽ ദഫ്റ ഫെസ്റ്റിവലിൽ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഒട്ടകം 10 ദശലക്ഷം ദിർഹത്തിന് (രണ്ട് ദശലക്ഷം പൗണ്ട്) വിറ്റു. ഷെല്ല (ബദുവിയൻ കവിതയുടെ ഒരു രൂപം), ഈത്തപ്പഴവും മറ്റ് പ്രാദേശിക പലഹാരങ്ങളും കഴിക്കൽ, സലൂക്കി റേസുകൾ, അറേബ്യൻ കുതിരപ്പന്തയങ്ങൾ എന്നിവ പോലുള്ള ഇമാറാത്തി പാരമ്പര്യങ്ങളും ആചാരങ്ങളും സന്ദർശകരുടെ ഇഷ്ടമാണ്. ചരിത്രാതീത കാലം മുതൽ ഒട്ടക കമ്പിളി ഉപയോഗിച്ചിരുന്നു. കൂടാരങ്ങൾ, വസ്ത്രങ്ങൾ, പരവതാനികൾ മുതലായവ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഒരു വസ്തുവായി ബൈബിളിൽ പോലും ഇത് പരാമർശിക്കപ്പെടുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തമായ കായിക ഇനങ്ങളിലൊന്നാണ് പോളോ, പോളോ കളിക്കാർക്കിടയിൽ ഒട്ടക മുടിയുടെ ജാക്കറ്റുകൾ അപ്രതിരോധ്യമാണ്. വൈവിധ്യമാർന്ന സ്കാർഫുകളും കനംകുറഞ്ഞ സ്വെറ്ററുകളും നിർമ്മിക്കുന്നു. ഒട്ടക കമ്പിളി വസ്ത്രങ്ങളുടെ ഉത്പാദനം കുറവാണെങ്കിലും, മറ്റ് കമ്പിളികളെ അപേക്ഷിച്ച് ഇവയുടെ ആവശ്യം വളരെ ഉയർന്നതാണ്. എന്നാൽ ഉയർന്ന ഇൻസുലേറ്റിങ് ഗുണങ്ങളും പ്രകൃതിദത്ത വിതരണവും ഒട്ടക കമ്പിളിക്ക് ഉപഭോക്താക്കളുടെ ആകർഷണം ഉറപ്പാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.