വീട്ടിലിരുന്ന് എമിറേറ്റ്സ് ഐ.ഡി എടുക്കാം
text_fieldsദുബൈ: എമിറേറ്റ്സ് ഐ.ഡിക്കായി ഓഫിസുകൾ കയറിയിറങ്ങേണ്ട അവസ്ഥ ഒഴിവാകുന്നു. വീട്ടിലിരുന്നുതന്നെ എമിറേറ്റ്സ് ഐ.ഡിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ദുബൈയിൽ നടക്കുന്ന അന്താരാഷ്ട്ര ടെക്നോളജി മേളയായ ജൈടെക്സിൽ അവതരിപ്പിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ് (ഐ.സി.പി) ആണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്. വൈകാതെ ഇത് പ്രാബല്യത്തിലാകുമെന്നാണ് കരുതുന്നത്.
ആപ്ലിക്കേഷൻ നമ്പറോ പാസ്പോർട്ട് പേജിന്‍റെ ഫോട്ടോയോ ഉപയോഗിച്ചായിരിക്കും നടപടിക്രമങ്ങൾ. ശേഷം, മൊബൈൽ കാമറ വഴി വിരലടയാളവും കൈപ്പത്തിയും മുഖവും സ്കാൻ ചെയ്യണം. സെക്കൻഡുകൾക്കുള്ളിൽ എമിറേറ്റ്സ് ഐ.ഡി തയാറാകുമെന്നാണ് അധികൃതർ പറയുന്നത്. കൊറിയർ സർവിസ് വഴി എമിറേറ്റ്സ് ഐ.ഡി മണിക്കൂറുകൾക്കുള്ളിൽ വീട്ടിലെത്തും. ആഗസ്റ്റിലാണ് പുതിയ എമിറേറ്റ്സ് ഐ.ഡി പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് നടപടിക്രമങ്ങളും ഡിജിറ്റലാക്കുന്നത്.
ഫേസ് ഐ.ഡി ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി വിസക്ക് അപേക്ഷിക്കാനുള്ള സംവിധാനം കഴിഞ്ഞ ദിവസം ജൈടെക്സിൽ ജി.ഡി.ആർ.എഫ്.എ അവതരിപ്പിച്ചിരിക്കുന്നു. വ്യക്തികളുടെ മുഖം തിരിച്ചറിയുന്ന ഫേഷ്യൽ ബയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സേവനങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യം. വീട്ടിലിരുന്നുതന്നെ വിസ, എൻട്രി പെർമിറ്റ് നടപടികൾ പൂർത്തിയാക്കാൻ കഴിയും. പാസ്പോർട്ടോ എമിറേറ്റ്സ് ഐ.ഡിയോ തിരിച്ചറിയൽ രേഖയായി സമർപ്പിക്കേണ്ടതില്ല എന്നതാണ് ഈ സാങ്കേതിക വിദ്യ നൽകുന്ന സൗകര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.