വേനൽച്ചൂടിൽ പത്ത് മിനിറ്റ് കാറിൽ കഴിയാമോ?
text_fieldsഷാർജ: ഗൾഫിലെ പൊള്ളുന്ന ചൂടിൽ എത്രനേരം എ.സിയില്ലാതെ നിങ്ങൾക്ക് കാറിനകത്ത് കഴിയാനാകും ? ഷാർജയിൽ കഴിഞ്ഞദിവസം അത്തരമൊരു സാമൂഹികപരീക്ഷണം നടന്നു. യുവാക്കളായ നാലുപേരെ വ്യത്യസ്ത കാറുകളിൽ പൂട്ടിയിട്ട് അവർക്ക് എന്ത് സംഭവിക്കുന്നു എന്ന് പരിശോധിക്കുന്നതായിരുന്നു പരീക്ഷണം.
വേനൽക്കാലത്ത് കുട്ടികളെ വാഹനത്തിനകത്ത് തനിച്ചാക്കി പോകുന്നതിന്റെ അപകടം ബോധ്യപ്പെടുത്താനായിരുന്നു പദ്ധതി നടപ്പിലാക്കിയത്. ഷാർജയിലെ ചൈൽഡ് സേഫ്റ്റി വകുപ്പാണ് സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്ന പരീക്ഷണം നടത്തി ബോധവത്കരണ വിഡിയോ ചിത്രീകരിച്ചത്.
കത്തുന്ന ചൂടിൽ നിർത്തിയിട്ട കാറിനകത്താക്കി ഡോറടച്ച് എ.സിയും വായുസഞ്ചാരവും ഒഴിവാക്കുകയായിരുന്നു. മിനിറ്റുകൾക്കകം ഇവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങിയത് വിഡിയോയിൽ കാണാം. പത്തു മിനിറ്റ് ആകുന്നതിന് മുമ്പുതന്നെ അവസാനിപ്പിക്കാനുള്ള ആംഗ്യം കാണിച്ച് പുറത്തുകടക്കണമെന്ന് ഇവരെല്ലാം പറയാൻ തുടങ്ങി. ഇത്തരത്തിൽ കാറിൽ കുടുങ്ങിപ്പോകുന്നവർ കടന്നുപോകുന്ന അവസ്ഥകൾ എന്താണെന്ന് അവരെയും സമൂഹത്തെയും ബോധ്യപ്പെടുത്തുന്നതായിരുന്നു പരീക്ഷണം.
ഇതിൽ പങ്കെടുത്തവർക്ക് സാധാരണനില വീണ്ടെടുക്കാൻ സമീപത്തെ ആംബുലൻസിൽ ചികിത്സ നൽകേണ്ടിവന്നു. ചിലർക്ക് ചൂട് സഹിക്കാനാകാതെ തലകറക്കം, തലവേദന, ഓക്കാനം, ഹീറ്റ് സ്ട്രോക്ക്, മോഹാലസ്യം എന്നിവ അനുഭവപ്പെട്ടു. മുതിർന്നവർ ഇത്രയും വിഷമതകൾ അനുഭവിക്കുന്നുണ്ടെങ്കിൽ കുട്ടികൾ ഈ സാഹചര്യങ്ങളിൽ എത്രമാത്രം വിഷമിച്ചുപോകുമെന്ന് വിഡിയോ പങ്കുവെച്ചുകൊണ്ട് അധികൃതർ ചോദിക്കുന്നു.
ഷാർജ പൊലീസിന്റെയും സിവിൽ ഡിഫൻസിന്റെയും സഹകരണത്തോടെ ശക്തമായ മുന്നൊരുക്കത്തിൽ നടത്തിയ ഈ സാമൂഹിക പരീക്ഷണം മറ്റുള്ളവർ പരീക്ഷിക്കരുതെന്ന മുന്നറിയിപ്പോടെയാണ് ഷാർജ ചൈൽഡ് സേഫ്റ്റി വിഭാഗം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
ഗൾഫിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കുട്ടികൾ വേനൽക്കാലത്ത് വാഹനത്തിനത്ത് കുടുങ്ങി മരിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. അൽപ നേരത്തേക്കാണെങ്കിൽപോലും കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകരുതെന്ന് മുന്നറിയിപ്പ് നൽകുന്നു ഈ വിഡിയോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.