എയര്‍ഇന്ത്യ എക്സ്പ്രസ് റദ്ദാക്കല്‍; രണ്ടാംദിനവും പ്രവാസികൾക്ക് യാത്രാദുരിതം
text_fieldsഅബൂദബി: ജീവനക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസുകള്‍ റദ്ദാക്കിയതോടെ രണ്ടാം ദിവസവും പ്രവാസികൾക്ക് യാത്രാദുരിതം. യു.എ.ഇ-ഇന്ത്യ സെക്ടറിൽ സമരത്തിന്റെ രണ്ടാം ദിനത്തിൽ 20ഓളം വിമാനങ്ങൾ റദ്ദാക്കിയതായാണ് വിവരം.
ഷാർജയിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള സർവിസ്, അബൂദബിയിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള സർവിസ്, കോഴിക്കോട് നിന്ന് അൽഐനിലേക്കും തിരിച്ചുമുള്ള സർവിസ്, റാസലഖൈമയിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവിസ്, തിരുവനന്തപുരത്തുനിന്നും തിരിച്ചും ദുബൈയിലേക്കുള്ള സർവിസ് എന്നിവ റദ്ദാക്കുമെന്നറിയിച്ച പട്ടികയിൽ ഉൾപ്പെടും. മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള സർവിസും റദ്ദാക്കിയിട്ടുണ്ട്.
സർവിസുകൾ റദ്ദാക്കിയതോടെ വിമാനത്താവളങ്ങളില്‍ നിരവധി കുടുംബങ്ങള്‍ അടക്കമുള്ളവർ കുടുങ്ങി. അബൂദബിയില്‍ വ്യാഴാഴ്ച ഉച്ചക്ക് കണ്ണൂരിലക്ക് പുറപ്പെടേണ്ടിയിരുന്ന സര്‍വിസ് റദ്ദായതോടെ കുടുംബവുമൊത്ത് എയര്‍പോര്‍ട്ടില്‍ കഴിച്ചു കൂട്ടേണ്ടി വന്നത് നിരവധി കുടുംബങ്ങള്‍ക്കാണ്. ഇതില്‍ വെള്ളിയാഴ്ചയും ഞായറാഴ്ചയും വിസിറ്റ് വിസയുടെ കാലാവധി തീരുന്ന കുടുംബങ്ങളുണ്ട്. ടിക്കറ്റ് റീ ഷെഡ്യൂള്‍ ചെയ്തു നല്‍കാമെന്നു പറയുമ്പോഴും കാത്തിരുന്നാല്‍ കുടുംബത്തിന് വിസ തീര്‍ന്ന പിഴ കൂടി ഒടുക്കേണ്ടി വരുന്ന അവസ്ഥയിലാണിവർ. ഭാര്യയും മൂന്നു മക്കളുമായി കണ്ണൂരേക്ക് പോകേണ്ടിയിരുന്ന പ്രവാസി താമസിച്ചിരുന്ന റൂമും വെക്കേറ്റ് ചെയ്തിരുന്നു. വിമാന സര്‍വിസ് നടത്താതെ വന്നതോടെ സുഹൃത്തിന്റെ വീട്ടില്‍ കഴിച്ചുകൂട്ടുകയാണിവര്‍.
അടുത്ത ദിവസങ്ങളിൽ യാത്ര ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പിഴയും ഒടുക്കേണ്ടി വരും. മറ്റൊരു കുടുംബത്തിന്റെ വിസ കാലാവധി തീരുന്ന അവസാന ദിവസമായിരുന്നു വ്യാഴാഴ്ച. വിമാന സര്‍വിസ് നടത്താതെ വന്നതോടെ ഇവരും വെട്ടിലായി. എയര്‍പോര്‍ട്ടിലെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കൗണ്ടറില്‍ ഒരാള്‍പോലുമില്ലാത്ത അവസ്ഥയാണെന്നും ഇവർ പരാതിപ്പെടുന്നു.
ടിക്കറ്റ് റീ ഷെഡ്യൂള്‍ ഓണ്‍ലൈനായി മാത്രമെ ചെയ്യാൻ സാധിച്ചുള്ളൂവെന്നും ഇവര്‍ പറയുന്നു. അതിനാൽ തന്നെ യാത്ര എപ്പോള്‍ സാധിക്കുമെന്നു വ്യക്തതയില്ല. ഇത്തരത്തില്‍ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിരവധി പേരാണ് കുടുങ്ങിയിട്ടുള്ളത്. ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പരിഹാര കാണണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.