ആവേശമായി റാക് ടെറി ഫോക്സ് റണ്‍
text_fieldsറാസല്‍ഖൈമ: ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധമായ മനസ്സ് എമിറേറ്റിലെ സമൂഹത്തില്‍ അന്തര്‍ലീനമാണെന്നും മാനുഷിക പ്രവര്‍ത്തന രംഗം സജീവമാണെന്നും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി. റാക് അൽഖാസിം കോര്‍ണിഷില്‍ 13ാമത് റാക് ടെറി ഫോക്സ് റണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അര്‍ബുദ പ്രതിരോധവും അവബോധവും ലക്ഷ്യമാക്കി വിവിധ കമ്യൂണിറ്റികളെ ഒരു കുടക്കീഴില് അണിനിരത്തുന്ന സംഘാടകരുടെ പരിശ്രമം അഭിനന്ദനമര്‍ഹിക്കുന്നതായും ശൈഖ് സഊദ് തുടര്‍ന്നു.
അര്‍ബുദ ഗവേഷണ ഫണ്ട് ശേഖരണാര്‍ഥം നടത്തിയ ടെറി ഫോക്സ് റണ്ണില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര് പങ്കാളികളായി. ശൈഖ് സഊദിന്റെ രക്ഷാകര്‍തൃത്വത്തില്‍ സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ചാരിറ്റിയും ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തിയ ഓട്ടത്തില്നിന്നുള്ള വരുമാനം അര്‍ബുദത്തെക്കുറിച്ച് ശാസ്ത്രീയ ഗവേഷണം നടത്തുന്ന അല്‍ ഐനിലെ യു.എ.ഇ സര്‍വകലാശാലക്ക് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കനേഡിയന്‍ അത്ലറ്റ് ടെറി ഫോക്സിന് അര്‍ബുദം ബാധിച്ച് ചെറുപ്പത്തില്‍തന്നെ കാല് മുറിച്ചുമാറ്റിയിരുന്നു. അര്‍ബുദ ഗവേഷണത്തെ പിന്തുണക്കുന്നതിന് കാനഡയില്‍ അദ്ദേഹം കിഴക്ക് -പടിഞ്ഞാറ് ഓട്ടം ആരംഭിച്ചു. 143 ദിവസം 5373 കിലോമീറ്റര്‍ ഓട്ടം തുടര്‍ന്ന ടെറി ഫോക്സ് ഒടുവില്‍ മരണത്തിന് കീഴടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ദൗത്യം ലോകം ഏറ്റെടുക്കുകയായിരുന്നു. നിലവില്‍ 60ലധികം രാജ്യങ്ങളിലാണ് അര്‍ബുദ ഗവേഷണത്തെ പിന്തുണക്കുന്നതിന് വര്‍ഷന്തോറും ടെറി ഫോക്സ് റണ്‍ നടന്നുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.