മലയാള മധുരവുമായി മദാമിലുമുണ്ടൊരു മിഠായി തെരുവ്
text_fieldsയു.എ.ഇയിൽ നിന്ന് ഒമാനിലേക്കുള്ള ദീർഘയാത്രയിലെ ഇടത്താവളമാണ് ഷാർജയുടെ ഉപനഗരമായ അൽ മദാം. മലയാളികളാണ് കച്ചവടക്കാരിൽ അധികവും. ആദ്യമായെത്തുന്നവരെ ഏറെ ആകർഷിക്കുക ഇവിടെയുള്ള മിഠായി തെരുവാണ്. 40ഓളം മിഠായി കടകളാണ് ഈ കൊച്ചു പട്ടണത്തിലുള്ളത്.
രണ്ട് പതിറ്റാണ്ട് മുമ്പ് മലപ്പുറം തിരുന്നാവായ സ്വദേശി കുഞ്ഞാപ്പുട്ട്യാക്കയാണ് മധുരത്തിന്റെ തൈ മദാമിൽ ആദ്യമായി നട്ടത്. മിഠായികൾക്ക് പുറമെ, ബദാം, പിസ്ത, കശുവണ്ടി, ഏലക്ക, ഗ്രാമ്പു, കറുകപ്പട്ട, ജാതിക്ക, ജാതി പത്രി, തക്കോലം, അറബി ബിരിയാണിയിലെയും മറ്റും ചേരുവയായ ഉണക്കനാരങ്ങ, മുന്തിരി, കട്ടത്തൈര്, നെയ്യ്, ബേക്കറി പലഹാരങ്ങൾ, കായ വറുത്തത്, വിവിധ തരം കടലകൾ, ചെമ്മീൻ തുടങ്ങിയവയെല്ലാം കുഞ്ഞാപ്പുട്ട്യാക്ക കടയിൽ നിരത്തിയപ്പോൾ സ്വദേശികളുടെയും ഒമാനികളുടെയും പ്രവാസികളുടെയും തിരക്കായി.
അതോടെ മദാം റോഡിന്റെ ഇരുകരകളിലും മധുരം വളർന്നു പന്തലിച്ചു. മദാം തെരുവിനെ മലയാളികളോടൊപ്പം തന്നെ തദ്ദേശീയരും സ്വീറ്റ് മീറ്റ് സ്ട്രീറ്റ് (മിഠായി തെരുവ്) എന്ന് വിളിക്കാൻ തുടങ്ങി. മദാമിലെ മിഠായിയുടെ രുചിയും വില കുറവും അറിഞ്ഞ് വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകൾ എത്താൻ തുടങ്ങി. നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെ കൈയിലൊരു അഞ്ച് കിലോയെങ്കിലും മദാം മധുരം കാണും. ഒരു ചാക്ക് ഉണങ്ങിയ ചെറുനാരങ്ങയാണ് അറബികൾ വന്നാൽ മിനിമം വാങ്ങുക.
ആനമങ്ങാട് സ്വദേശി ഷിഹാബ്, പുറത്തൂർ സ്വദേശി ഗഫൂർ, പുത്തൻത്തെരു സ്വദേശി ഷിഹാബ്, പുറത്തൂർ സ്വദേശി റാഫി, അബു പോത്തനൂർ, അഷ്റഫ് പാണ്ടിമറ്റം, തുവ്വക്കാട് സ്വദേശികളായ നിസാർ, ഷറഫു, കോഴിക്കോട് ഫറൂക്ക് സ്വദേശി മുജീബ് തുടങ്ങിയവർ മദാമിലെ തഴക്കവും പഴക്കവും ചെന്ന കച്ചവടക്കാരാണ്. സ്വീറ്റ് മീറ്റ് സ്ട്രീറ്റിന് വിത്ത് പാകിയ കുഞ്ഞാപ്പുട്ട്യാക്ക കച്ചവടം മതിയാക്കിയെങ്കിലും പിൻതലമുറ അത് ഉത്തരവാദിത്വത്തോടെ തന്നെ ഏറ്റെടുത്തു. മധുരപ്പെരുമക്ക് ഒട്ടും കുറവു വരുത്താതെ അവരത് പരിപാലിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.