തോണി തുഴയാം; ആശ തീര്‍ക്കാം
text_fieldsഅക്കരെയും ഇക്കരെയും നില്‍ക്കാതെ തുഴയെറിഞ്ഞ് ജലപരപ്പില്‍ ഉല്ലസിക്കാനാഗ്രഹിക്കുന്നവര്ക്ക് റാസല്‍ഖൈമയില്‍ അവസരം. തനിച്ചും ഗ്രൂപ്പുകളായും സമയപരിധിയില്ലാതെ കുറഞ്ഞ നിരക്കില്‍ തോണി തുഴയാം. മനോഹരമായ കണ്ടല്ക്കാടുകള്ക്കൊപ്പം അതുല്യമായ സമുദ്ര പരിസ്ഥിതിയെ തൊട്ടറിയാം. അരയന്നങ്ങള്‍ ഉള്‍പ്പെടെ വിവിധയിനം ജീവികളുടെ ആവാസ കേന്ദ്രമായ റാസല്‍ഖൈമയിലെ കണ്ടല്‍ക്കാടുകള്‍ കേന്ദ്രീകരിച്ചാണ് നഈം മാളിന് പുറകില്‍ ‘കയാക്കിങ്’ സേവന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
മുന്‍പരിചയമില്ലാത്തവര്‍ക്കും കയാക്കിങ് സാധ്യമാണെന്ന് കേന്ദ്രത്തിലെ പരിശീലകന് രതീഷ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കണ്ടല്‍ക്കാടുകളുടെ പര്യവേഷണത്തിനൊപ്പം പ്രകൃതിയില്‍ സ്വയം മറക്കാനും കഴിയുന്ന രസകരവും അപകട സാധ്യത കുറഞ്ഞതുമാണ് കയാക്കിങ്. ആദ്യം അമ്പരപ്പോടെ നില്‍ക്കുന്നവര്‍ക്കും നിമിഷങ്ങള്‍ക്കുള്ളില്‍ പഠിച്ചെടുക്കാന്‍ കഴിയുമെന്നതും പ്രത്യേകതയാണ്. കുട്ടികളില്‍ 35 കിലോ വരെ ഭാരമുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ക്കൊപ്പം സൗജന്യമായി കയാക്കിങ് സാധ്യമാണ്. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കയാക്കിങ്ങിന് ഒരാള്‍ക്ക് 20 ദിര്‍ഹവും പരിധിയില്ലാതെ ഉപയോഗിക്കുന്നതിന് ഒരാള്‍ക്ക് 60 ദിര്‍ഹവുമാണ് ഫീസ്. കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെയുള്ള കയാക്കിങ് വേറിട്ടൊരു അനുഭവം സമ്മാനിക്കുമെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. കണ്ടല്‍ മരങ്ങള്‍ക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞുള്ള ജലാപതകളില് മത്സ്യങ്ങള്‍ക്കൊപ്പം അപൂര്‍വ പക്ഷിയിനങ്ങളുടെയും നിരീക്ഷണം സാധ്യമാകും. നഗര ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി തികച്ചും ശാന്തമായ അന്തരീക്ഷവും റാക് നഗര മധ്യത്തിലെ കയാക്കിങ് സമ്മാനിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.