മൂന്നു പതിറ്റാണ്ട് തികയാൻ കാക്കുന്നില്ല; പ്രസാദ് വാടാനപ്പള്ളിയിലേക്ക് മടങ്ങുന്നു
text_fieldsഅൽഐൻ: തൃശൂർ ജില്ലയിലെ വാടാനപ്പള്ളി സ്വദേശി പ്രസാദ് 29 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. 1992 ഏപ്രിലിൽ സൗദി അറേബ്യയിലെ ദമ്മാമിലെ ഹോസ്പിറ്റലിൽ റിസപ്ഷനിസ്റ്റായി നാലുവർഷം ജോലിയെടുത്താണ് 1996ൽ അബൂദബിയിലെത്തുന്നത്. അന്നുമുതൽ അഹല്യ ഗ്രൂപ്പിെൻറ വിവിധ സ്ഥാപനങ്ങളിൽ ആയിരുന്നു ജോലി. ആറു വർഷക്കാലം അബൂദബി ഹംദാൻ സ്ട്രീറ്റിലെ അഹല്യ ഹോസ്പിറ്റലിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തു. തുടർന്നുള്ള 13 വർഷക്കാലം മദീന സായിദിലെ വെസ്റ്റേൺ അഹല്യ മെഡിക്കൽ ക്ലിനിക്കിെൻറ മേൽനോട്ട നിർവഹണമായിരുന്നു ജോലി. 2013ലാണ് അൽഐനിൽ എത്തുന്നത്.
അൽഐനിലെ ഖലീഫ സ്ട്രീറ്റിലെ അഹല്യ മെഡിക്കൽ സെൻററിെൻറയും അൽഐൻ സനാഇയയിലെ നൂർ അഹല്യ മെഡിക്കൽ ക്ലിനിക്കിെൻറയും അഡ്മിനിട്രേറ്ററായി ജോലിചെയ്യുകയായിരുന്നു. ഈ കാലയളവിൽ ഒയാസിസ് ഇൻറർനാഷനൽ സ്കൂളിെൻറ പി.ആർ.ഒ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. യു.എ.ഇയിലെത്തിയ ശേഷമുള്ള 25 വർഷവും അഹല്യയുടെ വിവിധ ആശുപത്രികളിൽ തന്നെ ആയിരുന്നു ജോലി. ചുരുക്കത്തിൽ മൂന്നു പതിറ്റാണ്ട്കാല പ്രവാസജീവിതം ആതുരശുശ്രൂഷ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ജോലിയായിരുന്നു. അൽഐനിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം അൽഐൻ മലയാളി സമാജത്തിെൻറ മാനേജിങ് കമ്മിറ്റി മെംബറായിരുന്നു.
അൽഐൻ മലയാളി സമാജവും അഹല്യ മെഡിക്കൽ സെൻററും സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ഈയടുത്ത് നടത്തിയ രക്തദാന ക്യാമ്പ് വലിയ വിജയമാക്കാൻ സഹായിച്ചതിൽ ഏറെ സന്തുഷ്ടനാണ് അതിെൻറ മുന്നിൽനിന്ന് പ്രവർത്തിച്ച പ്രസാദ്. തിങ്കളാഴ്ച അൽഐൻ കുവൈതാത്ത് ലുലുവിൽ നടന്ന ചടങ്ങിൽ അൽഐൻ മലയാളി സമാജം പ്രസാദിന് യാത്രയയപ്പ് നൽകി. സ്മിതയാണ് ഭാര്യ. മക്കൾ: അതുൽ, അഞ്ജലി (ഇരുവരും വിദ്യാർഥികൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.