വാഹനാപകടങ്ങൾ;വില്ലനായി മൊബൈല്‍ ഫോണ്‍
text_fieldsഅബൂദബി: യു.എ.ഇയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വാഹനാപകടങ്ങളില്‍ 95 ശതമാനവും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുമൂലം സംഭവിച്ചതാണെന്ന് ആഭ്യന്തര മന്ത്രാലയം. കത്തിക്കിടക്കുന്ന റെഡ് ലൈറ്റ് അവഗണിച്ച് പോവുന്ന ഒരു വാഹനം കാറിനെ ഇടിച്ചുതെറിപ്പിക്കുന്ന അപകടത്തിന്റെ വിഡിയോ ദൃശ്യം പങ്കുവെച്ചാണ് പൊലീസ് ഇതിന്റെ ഗൗരവം വ്യക്തമാക്കിയത്. അപകടത്തില്‍നിന്ന് മറ്റൊരു കാര്‍ നേരിയ വ്യത്യാസത്തില്‍ രക്ഷപ്പെടുന്നതും വിഡിയോയില്‍ കാണാം. ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് ഈ അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
2020നെ അപേക്ഷിച്ച് 2021ല്‍ റോഡപകടങ്ങള്‍ 19 ശതമാനം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2020ല്‍ 2931 അപകടങ്ങള്‍ നടന്നപ്പോള്‍ 2021ല്‍ ഇത് 3488 ആയി വര്‍ധിച്ചു. 2020ല്‍ അപകടങ്ങളില്‍ 256 പേര് മരിക്കുകയും 2437 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2021ല്‍ 381 അപകടമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2620 പേര്‍ക്ക് പരിക്കേറ്റു. അശ്രദ്ധമായ ഡ്രൈവിങ്ങിന് 800 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയന്റും ചുമത്തുമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഗതാഗതനിയമ ലംഘനങ്ങളും അപകടങ്ങളും ഒഴിവാക്കാന്‍ കര്‍ശനമായ നടപടികള്‍ അബൂദബി പൊലീസ് സ്വീകരിച്ചുവരുകയാണ്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനുമാത്രം ഈ വര്‍ഷം ആറുമാസത്തിനിടെ 1.05 ലക്ഷം പേര്‍ക്കാണ് പിഴ ചുമത്തിയത്.
800 ദിര്‍ഹവും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയന്റുമാണ് ശിക്ഷ. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ അബൂദബിയിലെ റോഡുകളില്‍ സ്മാര്‍ട്ട് പട്രോള്സും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള ഈ പട്രോള്‍ നിയമലംഘനം കണ്ടെത്തുകയും ഡ്രൈവര്‍മാര്‍ക്ക് എസ്.എം.എസ് മുഖേന ഇതുസംബന്ധിച്ച അറിയിപ്പ് കൈമാറുകയും ചെയ്യും. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും മൂലം മുന്നില്‍ പോവുന്ന വാഹനങ്ങളില്‍ ഇടിച്ചുകയറുന്ന നിരവധി കാറുകളുടെ വിഡിയോ മുമ്പ് അബൂദബി പൊലീസ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.ഗതാഗതത്തിരക്കു മൂലം വേഗം കുറച്ച കാറിലേക്ക് പിന്നിലൂടെ അമിതവേഗത്തില്‍ വന്ന വാഹനം ഇടിച്ചുകയറുന്നതടക്കമുള്ള വിഡിയോകളാണ് പൊലീസ് ഷെയര്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.