കാറിൽ ചുറ്റിക്കാണാം മാൾ; വരുന്നത് ദുബൈയിൽ
text_fieldsഷാർജ സംരംഭകത്വ ഫെസ്റ്റിവൽ വേദി
ഷാർജ: ഉപഭോക്താക്കൾക്ക് കാറോടിച്ച് ചുറ്റിക്കറങ്ങാവുന്ന മാൾ ദുബൈയിൽ നിർമിക്കുന്നു. ഇലക്ട്രിക് കാറുകൾക്ക് പ്രവേശനം അനുവദിക്കുന്ന മാൾ നിർമിക്കുന്ന കാര്യം പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഇമാർ സ്ഥാപകൻ മുഹമ്മദ് അൽ അബ്ബാറാണ് വെളിപ്പെടുത്തിയത്. ഷാർജ സംരംഭകത്വ ഫെസ്റ്റിവൽ (എസ്.ഇ.എഫ്) വേദിയിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദുബൈ ക്രീക്ക് ഹാർബറിലാണ് മാൾ നിർമിക്കുക. അതിശയിപ്പിക്കാൻ ചിലത് ചെയ്യാനാണ് ഞങ്ങൾ ആലോചിക്കുന്നത്. ആദ്യമായാണ് ഒരു മാളിനുള്ളിൽ കാറുകൾക്ക് പ്രവേശനം നൽകുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു. മാളിനൊപ്പം ഭംഗിയുള്ള ടവറുണ്ടാകുമെന്നും അതു ബുർജ് ഖലീഫയെക്കാൾ ചെറുതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടവറിന് അംഗീകാരം നൽകിക്കഴിഞ്ഞിട്ടുണ്ട്.
നിർമാണപ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കുകയും ചെയ്യും. ഭംഗിയിൽ അത് മർലിൻ മൺറോയെ (അമേരിക്കൻ സിനിമാ നടി) ഓർമപ്പെടുത്തുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുർജ് ഖലീഫയുടെ ‘പെൺ’ പതിപ്പായിരിക്കും ടവറെന്നും ഇതിന്റെ ആദ്യ ചിത്രങ്ങൾ അടുത്ത മാസങ്ങളിൽ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഉയരങ്ങളിലെ വിജയം: ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ എന്താണ് വേണ്ടത്’ എന്ന തലക്കെട്ടിൽ നടന്ന സെഷനിലാണ് അൽഅബ്ബാർ ഭാവി പദ്ധതികളെക്കുറിച്ച് തുറന്നു സംസാരിച്ചത്. 15 രാജ്യങ്ങളിൽനിന്നായി 200ലധികം പ്രഭാഷകരും സംരംഭകരും എസ്.ഇ.എഫിൽ പങ്കെടുക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.