കാർബൺ പുറന്തള്ളൽ: സാധ്യതകൾ പഠിക്കാൻ പദ്ധതി
text_fieldsഅബൂദബി: എമിറേറ്റിലെ കാര്‍ബണ്‍ പുറന്തള്ളലിനെ നേരിടുന്നതിനുള്ള സുപ്രധാന ചുവടുവെപ്പെന്ന നിലയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കാര്‍ബണ്‍ അളക്കല്‍, റിപ്പോര്‍ട്ടിങ്, വെരിഫിക്കേഷന് (എം.ആര്.വി) പദ്ധതിക്ക് തുടക്കം കുറിച്ച് അബൂദബി പരിസ്ഥിതി ഏജന്‍സി.
അബൂദബിയിലും യു.എ.ഇയിലാകെയുമായുള്ള കാര്‍ബണ്‍ പുറന്തള്ളലിനെയും കാലാവസ്ഥ വ്യതിയാനത്തെയും നേരിടുന്നതിനുള്ള പ്രധാനപ്പെട്ട നടപടിയെന്നനിലയില്‍ കാര്‍ബണ്‍ വിലനിര്‍ണയ സംവിധാനം നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ പഠിക്കുന്നതില്‍ പരിസ്ഥിതി ഏജന്‍സി സുപ്രധാന പുരോഗതി കൈവരിച്ചിട്ടുണ്ട്.
ആഭ്യന്തര കാര്‍ബണ്‍ വിലനിര്‍ണയ പദ്ധതി വികസിപ്പിച്ചെടുക്കുന്നത് അബൂദബിയിലെ വ്യവസായങ്ങളെ കാര്‍ബണ്‍ മുക്തമാക്കുന്നതിനെ പിന്തുണക്കുന്നുവെന്ന് പരിസ്ഥിതി ഏജന്‍സി നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഹരിതഗൃഹ വാതക പുറന്തള്ളലിനെ കൃത്യമായ ട്രാക്കിങ് ചെയ്യാനും കാര്‍ബണ്‍ വിലനിര്‍ണയ സംവിധാനത്തിന് അടിത്തറ പാകാനുമാണ് എം.ആര്.വി പ്രോഗ്രാം ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. യു.എന്‍ ഫ്രെയിംവര്‍ക് കൺവെന്ഷന് ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (യു.എന്‍.എഫ്.സി.സി.സി) നിര്വചിച്ചിരിക്കുന്നതുപോലുള്ള ആഗോള കാലാവസ്ഥ ആവശ്യകതകള്‍ നിറവേറ്റുന്ന വിശ്വസനീയമായ ഡാറ്റ എം.ആര്.വി പദ്ധതിയിലൂടെ നിര്‍മിക്കും.
പാരിസ് ഉടമ്പടിയിലെ ചട്ടക്കൂടുകള്‍ക്ക് അനുസൃതമാണ് ഈ പദ്ധതി.
വന്‍തോതില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന കേന്ദ്രങ്ങള്‍ നിരീക്ഷിച്ച് വാര്‍ഷിക അടിസ്ഥാനത്തില്‍ എം.ആര്.വി പദ്ധതി റിപ്പോര്‍ട്ട് തയാറാക്കും. 2026ലാണ് എം.ആര്.വി ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
2027ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ 22 ശതമാനംവരെ കുറക്കാനുള്ള അബൂദബിയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് എം.ആര്.വിക്കാവുമെന്ന് പരിസ്ഥിതി ഏജന്‍സിയുടെ സെക്രട്ടറി ജനറല്‍ ഡോ. ശൈഖ അല്‍ ധാഹിരി പറഞ്ഞു.
2050ഓടെ കാര്‍ബണ്‍ മുക്ത ലക്ഷ്യം കൈവരിക്കാനുള്ള ദേശീയശ്രമങ്ങളുടെ ഭാഗമായുള്ള അനിവാര്യ നടപടികള്‍ എടുക്കുന്നതില്‍ തങ്ങള്‍ക്ക് അതീവതാല്പര്യമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.