കാർബൺ ന്യൂട്രാലിറ്റി: യു.എ.ഇക്ക് ലോകത്തിെൻറ അഭിനന്ദനം
text_fieldsദുബൈ: കാലാവസ്ഥ വ്യതിയാനത്തിനെതിരായ ആഗോള പോരാട്ടങ്ങളെ പിന്തുണക്കുന്നതിനായി യു.എ.ഇ പ്രഖ്യാപിച്ച 'നെറ്റ് സീറോ 2050'പദ്ധതിക്ക് ലോകത്തിെൻറ അഭിനന്ദനം. വരുന്ന മുപ്പത് വർഷത്തിനുള്ളിൽ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ വമ്പൻ പദ്ധതി പ്രഖ്യാപിച്ച ഇമാറാത്തിന് ഐക്യരാഷ്ട്ര സഭയുടേതടക്കം കൈയടിയാണ് ലഭിച്ചത്.
യു.എ.ഇയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞ യു.എൻ സെക്രട്ടറി ജനറലിെൻറ വക്താവ് സ്റ്റീഫൻ ദുജാറിക്, മറ്റു രാജ്യങ്ങളോട് യു.എ.ഇയെ മാതൃകയാക്കാൻ ആവശ്യപ്പെട്ടു. ഊർജ ഉൽപാദന രംഗത്ത് പ്രവർത്തിക്കുന്ന മറ്റു രാജ്യങ്ങൾക്ക് മാതൃകയാണ് യു.എ.ഇയുടെ പ്രഖ്യാപനമെന്ന് യു.എസ് സ്പെഷൽ ക്ലൈമറ്റ് പ്രതിനിധി ജോൺ കെറിയും പ്രസ്താവിച്ചു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാെൻറ പ്രഖ്യാപനം സംബന്ധിച്ച ട്വിറ്റർ പോസ്റ്റ് കെറി പങ്കുവെച്ചിട്ടുമുണ്ട്.
കാലാവസ്ഥ വ്യതിയാനം മറികടക്കുന്ന രംഗത്ത് യു.എ.ഇയുടെ തീരുമാനം സുപ്രധാന നാഴികക്കല്ലാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും പ്രതികരിച്ചു.
കാലാവസ്ഥ വ്യതിയാനം കുറച്ചുകൊണ്ടുവരുന്നതിന് പ്രവർത്തിക്കുന്ന വിവിധ ലോ വേദികളും പരിസ്ഥിതി പ്രവർത്തകരും പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
2050ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള വൻ പദ്ധതി എക്സ്പോ 2020വേദിയിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാെൻറ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
സുപ്രധാനമായ ലക്ഷ്യം നേടുന്നതിനായി രാജ്യത്തെ മുഴുവൻ സംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും പുനരുൽപാദക ഊർജത്തിെൻറ പ്രോത്സാഹനത്തിനായി 600ബില്യൻ ദിർഹം വരും വർഷങ്ങളിൽ ചെലവിടുമെന്നും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നതിന് നേതൃത്വം വഹിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.