കെയർ സംരംഭം; 11,681 പേർക്ക് സഹായം ലഭിച്ചു
text_fieldsദുബൈ: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷി വിഭാഗത്തിനും ആരോഗ്യ പരിചരണം ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച ‘കെയർ’ സംരംഭം വഴി നാലു മാസത്തിനിടെ 11,681 പേർക്ക് സഹായം ലഭിച്ചു. മേയ് മൂന്നിനും ആഗസ്റ്റ് 31നും ഇടയിൽ മുതിർന്ന പൗരൻമാർക്ക് വീടുകളിൽ എത്തിയുള്ള ആരോഗ്യപരിചരണം ഉൾപ്പെടെ 10,655 സേവനങ്ങളാണ് സംരംഭം വഴി നൽകിയത്. കൂടാതെ ഭിന്നശേഷി വിഭാഗത്തിന് 1,016 സേവനങ്ങളും ലഭ്യമാക്കാനായി. വികസന, പൊതുജനകാര്യ ഉന്നത സമിതിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സംരംഭം കൂടുതൽ സമഗ്രമാക്കുന്നതിന്റെ ഭാഗമായി 800588 പ്രത്യേക ഹോട്ട്ലൈൻ നമ്പറിനും തുടക്കമിട്ടിരുന്നു. ഇതു വഴി ക്ലിനിക്കുകൾ, ആശുപത്രികൾ, വീട്ടുപരിചരണം തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള 4,606 പേർക്ക് സൗകര്യമൊരുക്കി. 2582 പേർക്ക് വീടുകളിൽ പരിചരണം ഒരുക്കുന്നതിനായി ഡോക്ടർമാരേയും നഴ്സുമാരെയും ചുമതലപ്പെടുത്തിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇക്കഴിഞ്ഞ മേയിലാണ് യു.എ.ഇ സുപ്രീം കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം പദ്ധതിക്ക് തുടക്കമിട്ടത്. എമിറേറ്റിലെ മുതിർന്ന പൗരൻമാർക്ക് ഏറ്റവും മികച്ച നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പുവരുത്തുകയെന്ന ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായാണ് പദ്ധതി വിഭാവനം ചെയ്തത്. മുതിർന്നവർക്കും ഭിന്നശേഷി വിഭാഗത്തിനും ഏറ്റവും സമഗ്രവും നൂതനവുമായ ആരോഗ്യ സേവനങ്ങൾ മുൻഗണന തലത്തിലും സൗകര്യപ്രദവുമായ രീതിയിലും എത്തിക്കാനാണ് തീരുമാനമെന്ന് ദുബൈ അക്കാദമിക് ഹെൽത്ത് കോർപറേഷൻ സി.ഇ.ഒ ഡോ. അമിർ ഷരിഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.