അശ്രദ്ധമായ ലൈൻമാറ്റം; ഒരു വർഷത്തിനിടെ മരിച്ചത് 32 പേർ
text_fieldsദുബൈ: പെട്ടെന്നുള്ള ലൈൻ മാറ്റം മൂലമുണ്ടായ റോഡപകടങ്ങളിൽ ഈ വർഷം ഇതുവരെ ദുബൈയിൽ കൊല്ലപ്പെട്ടത് 32 പേർ. ബുധനാഴ്ച ദുബൈ പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെയാണ് ഈ മരണനിരക്ക് സൂചിപ്പിക്കുന്നതെന്ന് ട്രാഫിക് ബോധവത്കരണ സെക്ഷൻ തലവൻ സൽമാ മുഹമ്മദ് റാശിദ് അൽ മർറി പറഞ്ഞു.
അശ്രദ്ധമായുള്ള ലൈൻ മാറ്റമാണ് ദുബൈയിൽ റോഡപകട മരണങ്ങൾക്ക് പ്രധാനമായും കാരണം. ഡ്രൈവറുടെ ആരോഗ്യ പ്രശ്നങ്ങൾ, ക്ഷീണം, അശ്രദ്ധ എന്നിവയാണ് അപകടകരമായ ഇത്തരം പ്രവണതകൾക്ക് പിന്നിലുള്ള കാരണങ്ങൾ. ഇതിൽ ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗമാണ് ഏറ്റവും പ്രധാന കാരണം. ഇതിനെതിരായ നടപടികൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
വിന്‍ഡ് ഗ്ലാസുകൾ ടിന്റ് ചെയ്താൽ പൊലീസിൽ നിന്ന് രക്ഷപ്പെടാമെന്നാണ് ഡ്രൈവർമാരുടെ തെറ്റായ ധാരണ. എന്നാൽ, ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്താൻ ഏറ്റവും നൂതനമായ കാമറകളും സാങ്കേതിക വിദ്യകളുമാണ് ദുബൈ ട്രാഫിക് പൊലീസ് വിന്യസിച്ചിട്ടുള്ളതെന്നും അവർ പറഞ്ഞു.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കും. കൂടാതെ 400 ദിർഹം മുതൽ 1000 ദിർഹം വരെ പിഴയും ലൈസൻസിൽ നാല് ബ്ലാക്ക് പോയന്റ് രേഖപ്പെടുത്തുകയും ചെയ്യും. ലൈൻ മാറ്റം എന്നത് ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണെന്നും അത് ലംഘിക്കുന്നതുവഴി ഗുരുതരമായ അപകടമാണ് വരുത്തിവെക്കുകയെന്നും അവർ മുന്നറിയിപ്പു നൽകി.
അടുത്തിടെ അശ്രദ്ധമായി ലൈൻ മാറ്റിയതു മൂലമുണ്ടായ അപകടത്തിൽ സ്കൂൾ വിദ്യാർഥി മരണപ്പെടുകയും 11 വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.