കാർഗോ പ്രതിസന്ധി: ഡിസംബറോടെ എല്ലാ കാർഗോയും എത്തിക്കുമെന്ന് അസോസിയേഷൻ
text_fieldsദുബൈ: ഗൾഫിൽനിന്ന് നാട്ടിലേക്കയക്കുന്ന കാർഗോ പാഴ്സലുകൾ ഇന്ത്യയിലെ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നതിന് പരിഹാരമായതായി ഇന്ത്യൻ കാർഗോ അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാഴ്സലുകൾ ലഭിക്കാതിരുന്ന 80 ശതമാനം മേൽവിലാസക്കാർക്കും ഇതിനകം കാർഗോ എത്തിച്ചതായും അവർ വ്യക്തമാക്കി. കൃത്യമായ സമയത്ത് കാർഗോ ലഭിക്കുന്നില്ലെന്ന ഉപഭോക്താക്കളുടെ പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് സ്ഥാപനങ്ങളുടെ വിശദീകരണം.
ഹൈദരാബാദിലെ തിമ്മപ്പൂർ, മുംബൈ തുറമുഖങ്ങളിലാണ് പ്രവാസികൾ നാട്ടിലേക്കയക്കുന്ന പാഴ്സലുകൾ കെട്ടിക്കിടന്നത്. ഡോർ ടു ഡോർ കാർഗോ വഴി വാണിജ്യ ഉൽപന്നങ്ങളും നിരോധിത വസ്തുക്കളും അയക്കുന്നു എന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ വിശദപരിശോധനക്കായി പാഴ്സലുകൾ പിടിച്ചുവെച്ചു. കഴിഞ്ഞ ഡിസംബർ മുതൽ ആരംഭിച്ച ഈ പ്രതിസന്ധി മാസങ്ങൾ നീണ്ടു. 337 കണ്ടെയ്നറുകളാണ് ഇത്തരത്തിൽ കെട്ടിക്കിടന്നത്. അസോസിയേഷെൻറ ഉടപെടലിൽ അയച്ച വസ്തുക്കൾ നിയമാനുസൃതമുള്ളവയാണെന്ന് തെളിയിച്ചതിനെ തുടർന്നാണ് ഇപ്പോൾ ക്ലിയറൻസ് സാധ്യമായത്. പ്രിയപ്പെട്ടവർക്ക് നാട്ടിലേക്കയച്ച വസ്തുക്കൾ ലഭിക്കാത്ത ഉപഭോക്താക്കളുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നു.
ഇക്കാലത്ത് കാർഗോ സ്ഥാപനങ്ങൾക്കും വൻ നഷ്ടം അഭിമുഖീകരിക്കേണ്ടിവന്നു. കെട്ടിക്കിടക്കുന്ന സാധനങ്ങൾക്കും നികുതി, ഫീസിനത്തിൽ വൻതുക നൽകേണ്ടിവന്നു. കോവിഡ് കാലത്തെ പ്രതിസന്ധിയും ഈ മേഖലയെ തളർത്തിയിരുന്നു. സാധനങ്ങൾ അയച്ച ഉപഭോക്താക്കൾക്ക് പാഴ്സൽ ലഭ്യമായി എന്ന് ഉറപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇനിയും പാഴ്സലുകൾ ലഭിക്കാത്ത 20 ശതമാനം വിലാസക്കാർക്ക് ഈവർഷം അവസാനത്തോടെ അവ ലഭിച്ചു എന്ന് ഉറപ്പാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ലാൽജി മാത്യു, മുഹമ്മദ് സിയാദ്, നവനീത് പ്രഭാകർ, റയീസ്, ഫൈസൽ തയ്യിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.