ഫുജൈറയിലെ കാർഗോ തട്ടിപ്പ്; മുഖ്യമന്ത്രിക്ക് പരാതി നൽകി
text_fieldsദുബൈ: ഫുജൈറയിൽ മലയാളികൾ അടക്കമുള്ളവരുടെ കാർഗോയും പണവുമായി മുങ്ങിയവർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. യു.എ.ഇയിൽ പ്രവാസിയായ തിരുവനന്തപുരം കരമന സ്വദേശി ഒമർ ഷെരീഫാണ് ബന്ധുക്കൾ മുഖേന മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ട് പരാതി നൽകിയത്. ഡി.ജി.പി അടക്കമുള്ളവർക്ക് നേരത്തെ പരാതി നൽകിയിരുന്നു.
ഫുജൈറയിലെ എ.എം.ടി കാർഗോ എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിന്‍റെ വാർത്ത 'ഗൾഫ് മാധ്യമം' പ്രസിദ്ധീകരിച്ചതോടെ കൂടുതൽ മലയാളികൾ പരാതിയുമായി രംഗത്തെത്തി. കോഴിക്കോട് പയ്യോളി സ്വദേശി അർഷദ് (ഇർഷാദ്), തൃശൂർ സ്വദേശി ബാബു എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ഉപഭോക്താക്കൾ നാട്ടിലേക്ക് അയക്കാൻ നൽകിയ വസ്തുക്കളിൽ വിലപിടിപ്പുള്ളവയുമായാണ് ഇവർ മുങ്ങിയതെന്നും പരാതിയിൽ പറയുന്നുണ്ട്. 138 കിലോവരുന്ന തന്‍റെ കാർഗോയാണ് ഇവിടെ നൽകിയിരുന്നത്.
1000 ദിർഹം ഇതിന് ഫീസായി അടച്ചതായും ഒമർ ഷെരീഫിന്‍റെ പരാതിയിലുണ്ട്. ഗൾഫ് മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. ഇവർ നടത്തിയിരുന്ന സ്ഥാപനത്തിൽ നൂറുകണക്കിന് കാർഗോ ബോക്സുകളാണ് കെട്ടിക്കിടക്കുന്നത്. ഇതിലെ വിലപ്പെട്ട സാധനങ്ങൾ എടുത്ത ശേഷമാണ് ഇവർ മുങ്ങിയതെന്ന് പരാതിക്കാർ പറയുന്നു. വിലപിടിപ്പില്ലാത്ത വസ്തുക്കൾ അടങ്ങിയ കാർഗോ ഇവിടെ ഉപേക്ഷിച്ച നിലയിലാണ്. ഇവർ മുങ്ങിയതോടെ സ്പോൺസറായ യു.എ.ഇ പൗരൻ ഈ സാധനങ്ങളെല്ലാം മറ്റൊരു ഫാമിലേക്ക് മാറ്റി.
ബില്ലുമായി എത്തുന്നവർക്ക് ഈ സാധനങ്ങൾ തിരികെ നൽകാൻ സ്പോൺസർ ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥാപനം വഴി കാർഗോ അയച്ചവർ ബില്ലുമായി ഇവിടെ നേരിട്ട് എത്തിയാൽ ഇവിടെയുള്ള സാധനങ്ങൾ തിരികെ നൽകുന്നുണ്ട്. 'ഗൾഫ് മാധ്യമം' വാർത്ത വന്നതോടെ നിരവധി പേർ ഇവിടേക്ക് എത്തുന്നുണ്ട്. കഴിഞ്ഞ വർഷം കാർഗോ അയച്ചിട്ട് ഇതുവരെ നാട്ടിൽ ലഭിക്കാത്തവരുമുണ്ട്. ദിബ്ബയിൽ കാർഗോ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെത്തി തങ്ങളുടെ വസ്തുക്കൾ ഇവിടെയുണ്ടോ എന്ന് തിരയുകയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.