നാട്ടിലേക്ക് സാധനങ്ങളയച്ച് വട്ടംകറങ്ങി പ്രവാസികള്‍
text_fieldsഅജ്മാന്: അവധിക്ക് പോകുമ്പോള്‍ വിമാനക്കമ്പനി അനുവദിച്ച തൂക്കത്തിന്റെ പരമാവധി നാട്ടിലേക്ക് കൊണ്ടുപോകുന്നവരാണ് അധികം പ്രവാസികളും. തൂക്കം അധികമായാൽ അടുത്ത ആശ്രയമാണ് കാര്‍ഗോ സംവിധാനം. വിലപ്പെട്ട പല സാധനങ്ങളും കാര്‍ഗോ വഴി നാട്ടിലേക്ക് അയക്കുന്നവരുണ്ട്. മികച്ച സേവനങ്ങള്‍ നല്കുന്ന നിരവധി കാര്‍ഗോ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചില കമ്പനികള്‍ പ്രവാസികളെ വട്ടം കറക്കുകയാണ്.
പ്രിയപ്പെട്ട സുഹൃത്തിന് ജന്മദിന സമ്മാനം കാര്‍ഗോ വഴി അയച്ചതാണ് ദുബൈയില്‍ ജോലിചെയ്യുന്ന തൃശൂര്‍ സ്വദേശിനിയായ ഹോമിയോ ഡോക്ടര്‍. കഴിഞ്ഞ ഡിസംബറില്‍ അയച്ച സമ്മാനം ആറു മാസം കഴിഞ്ഞിട്ടും ഇതുവരെ നാട്ടില്‍ എത്തിയിട്ടില്ല. സ്പീഡ് ട്രാക് സേവനം വാഗ്ദാനംചെയ്ത കമ്പനിയുമായി ബന്ധപ്പെടുമ്പോള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മുംബൈ പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുകയാണ് എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് ലഭിക്കുന്നതെന്ന് ഡോക്ടര്‍ പറയുന്നു.
മാസങ്ങള്‍ പിന്നിട്ടതോടെ ബന്ധപ്പെടാന്‍ തന്ന നമ്പറുകളില്‍ ചിലത് പ്രവര്‍ത്തനരഹിതവും ചില നമ്പറുകളില്‍ പ്രതികരണവുമില്ലെന്ന് ഇവര്‍ പരിഭവപ്പെടുന്നു. തന്റെ സുഹൃത്തിന്റെ അടുത്ത ജന്മദിനത്തിലെങ്കിലും കിട്ടുമോ എന്ന് നോക്കിയിരിക്കുകയാണ് ഇവര്‍. അജ്മാനില്‍ കുടുംബവുമായി താമസിച്ചിരുന്ന എറണാകുളം സ്വദേശി വിജയ് കുര്യന് പെട്ടെന്നാണ് ജോലി നഷ്ടപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഉടൻ നാട്ടിലേക്ക് തിരിക്കേണ്ടിവന്നു.
വിമാനത്തില്‍ കൂടെ കൊണ്ടുപോകാന്‍ കഴിയുന്ന സാധനങ്ങള്‍ ഒഴിച്ചുള്ളതെല്ലാം അജ്മാനിലെ കാര്‍ഗോ കമ്പനി വഴി നാട്ടിലേക്ക് അയച്ചു. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ലഭിക്കുമെന്ന് വാഗ്ദാനം ലഭിച്ചിരുന്നതിനാല്‍ കുടുംബത്തിന്റെ വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും വരെ കാര്‍ഗോയില്‍ വിട്ടു. വിജയ് നാട്ടിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും അയച്ച സാധനങ്ങള്‍ കിട്ടിയില്ല. അതും മുംബൈ പോര്‍ട്ടില്‍ ക്ലിയറന്‍സിന് കാത്തിരിക്കുകയാണ് എന്ന മറുപടിയാണ് ലഭിച്ചത്.
ഏഴു മാസത്തെ കാത്തിരിപ്പിനവസാനം സാധനങ്ങള്‍ വീട്ടിലെത്തി. എന്നാല്‍, വളരെ വിലപ്പെട്ട സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച അവസ്ഥയിലാണ് കിട്ടിയത്. പ്രസ്തുത കാര്‍ഗോ കമ്പനിക്കാരോട് പരാതിപ്പെട്ടിട്ടും അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ലെന്നാണ് വിജയ് പറയുന്നത്.
2020 ജൂലൈ ആറിനാണ് യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചുകളില്‍ നിന്നും ശേഖരിച്ച് സൂക്ഷിക്കുന്ന കാർഗോയുടെ ഉമ്മു റമൂലിലെ വെയർഹൗസ് കത്തിയമർന്നത്. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ നാട്ടിലേക്ക് അയക്കാൻ ഇവിടെ ഏൽപിച്ച വിലപിടിപ്പുള്ള സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായി നാട്ടിലേക്ക് മടങ്ങുന്നവരുടെതായിരുന്നു അധിക സാധനങ്ങളും. വെയർഹൗസ് അഗ്നിക്കിരയായതും തങ്ങളുടെ സാധനങ്ങളെല്ലാം കത്തിച്ചാമ്പലായതും ഇടപാടുകാരെ അറിയിക്കുന്നതില്‍ കമ്പനി അധികൃതര്‍ വിമുഖത കാണിച്ചിരുന്നു.
തങ്ങളുടെ സാധനങ്ങൾ എവിടെ വരെയെത്തി എന്ന് ഇടപാടുകാര്‍ വിളിച്ച് അന്വേഷിച്ചപ്പോൾ മാത്രമാണ് വെയർ ഹൗസ് തീ പിടിച്ച കാര്യം അറിയിക്കുന്നത്. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇരകള്‍ക്ക് നീതി ലഭ്യമായിട്ടില്ല. അയച്ച സാധനങ്ങള്‍ പോയിട്ട് അയക്കാന്‍ നല്കിയ പണം പലര്‍ക്കും തിരിച്ചു നല്‍കാന്‍പോലും കമ്പനി തയ്യാറായിട്ടില്ലെന്നാണ് ഇരകള്‍ പറയുന്നത്. ഒരു കോടിയിലേറെ തുകക്കുള്ള സാധനങ്ങള്‍ അയച്ച് നഷ്ടപ്പെട്ട പ്രവാസികളുമുണ്ട് ഇക്കൂട്ടത്തില്‍.
ഈ വിഷയത്തില്‍ എംബസിയടക്കമുള്ളവര് കൈമലർത്തിയതോടെ എല്ലാം നഷ്ടമായതായി പാലക്കാട് സ്വദേശി സന്തോഷ് പരിഭവിക്കുന്നു. പലരും ജീവിതത്തില്‍ വല്ലപ്പോഴുമാണ് കാര്‍ഗോ വഴി സാധനങ്ങള്‍ അയക്കുന്നത്. ചെറിയ തുകക്ക് സാധനങ്ങള്‍ അയക്കുന്നവര്‍ക്ക് പരാതിയുമായി നടന്ന് കൂടുതല്‍ ധനവും സമയവും നഷ്ടപ്പെടുത്താന്‍ താല്പര്യവുമില്ല. അയക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് കൃത്യത വരുത്താന്‍ പൊതുവേ ആരും മെനക്കെടാറുമില്ല. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ അയക്കുന്ന സാധനങ്ങളുടെ ലിസ്റ്റും അവയുടെ ബില്ലും കരുതിവെച്ചാല്‍ മാത്രമേ പരാതിപ്പെടാന്‍ പോലും കഴിയൂ എന്നാണു നിയമരംഗത്തുള്ളവര്‍ പറയുന്നത്. അംഗീകൃതവും വിശ്വാസ്യതയുമുള്ള സ്ഥാപനങ്ങൾ വഴി കാർഗോ അയക്കുന്നതാവും ഉചിതം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.