ദുബൈ വിമാനത്താവളത്തിൽ കുട്ടികളെ വരവേറ്റ് കാർട്ടൂൺ കഥാപാത്രങ്ങൾ
text_fieldsദുബൈ: ബലിപെരുന്നാൾ ആഘോഷദിനങ്ങളിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കുട്ടി യാത്രക്കാരെ വരവേറ്റത് ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങൾ. സലിം, സലാമ, മൊദേഷ്, ദാന എന്നീ പ്രാദേശിക കാർട്ടൂൺ കഥാപാത്രങ്ങളാണ് കുട്ടികൾക്ക് ഗംഭീര വരവേൽപ്പ് നൽകിയത്.
ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് സന്തോഷകരമായ സാഹചര്യം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) നടത്തുന്ന സംരംഭങ്ങളുടെ ഭാഗമായാണ് വേറിട്ട പരിപാടി സംഘടിപ്പിച്ചത്. വിമാനത്താവളത്തിൽ എത്തിയ കുട്ടികളെ സ്വീകരിച്ച കാർട്ടൂൺ കഥാപാത്രങ്ങൾ അവർക്ക് സമ്മാനങ്ങളും മറ്റും നൽകി, പാസ്പോർട്ട് കൗണ്ടർ വരെ അനുഗമിച്ചു. ഇവിടെ കുട്ടികൾക്ക് പാസ്പോർട്ട് സ്റ്റാമ്പിങ് പ്രക്രിയ സ്വയം അനുഭവിക്കാനുള്ള സഹായവും ഇവർ ചെയ്തു കൊടുത്തു. തുടർന്ന് കുട്ടികൾക്കൊപ്പം നിന്ന് സെൽഫിയും വിഡിയോയും എടുത്താണ് അവരെ ദുബൈയിലേക്ക് സ്വാഗതം ചെയ്തത്.
കഴിഞ്ഞ ദിവസം മൂന്നാം ടെർമിനലിന് പിന്നാലെ ജി.ഡി.ആർ.എഫ്.എ ഒന്നിലും രണ്ടിലും കുട്ടികൾക്കായി പ്രത്യേക എമിഗ്രേഷൻ കൗണ്ടർ പ്രവർത്തനം തുടങ്ങിയിരുന്നു. കുട്ടികൾക്ക് പാസ്പോർട്ട് സ്റ്റാമ്പിങ് പ്രക്രിയ സ്വയം അനുഭവിക്കാനും മനസ്സിലാക്കാനും ലക്ഷ്യമിട്ടാണ് പ്രത്യേക എമിഗ്രേഷൻ കൗണ്ടർ ആരംഭിച്ചത്. കുട്ടികളെ ആകർഷിക്കാനായി കൗണ്ടറുകളുടെ തറയിൽ നിരവധി ഭാഷകളിലും അവരെ സ്വാഗതം ചെയ്യുന്ന ശൈലികൾ കൊണ്ട് അലങ്കരിച്ചിരുന്നു. കുട്ടികൾക്ക് മാത്രമായുള്ള ലോകത്തെ ആദ്യത്തെ എമിഗ്രേഷൻ സംവിധാനമാണ് ഈ കൗണ്ടർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.