കഞ്ചാവ് കൈവശംവെച്ച കേസ്; പിടിയിലായ യാത്രക്കാരനെ കുറ്റവിമുക്തനാക്കി
text_fieldsദുബൈ: വിമാനത്താവളത്തിൽ കഞ്ചാവ് കലർത്തിയ ഉൽപന്നവുമായി പിടിക്കപ്പെട്ടയാളെ കുറ്റവിമുക്തനാക്കി ദുബൈ കോടതി. 2024 മാർച്ച് മൂന്നിനാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ 3ൽ വെച്ച് സിറിയൻ പൗരൻ പിടിയിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥർ എക്‌സ്റേ സ്‌ക്രീനിങ്ങിൽ ലഗേജിൽ സംശയകരമായ വസ്തു കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാളെ പിടികൂടിയത്. പരിശോധനയിൽ നിരവധി ഇ-സിഗരറ്റുകളും കഞ്ചാവിന്‍റെ അംശമടങ്ങിയ ഫിൽറ്ററുകളും കണ്ടെത്തുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അതേദിവസം ജാമ്യത്തിൽ വിടുകയും ചെയ്തു. എന്നാൽ, മൂത്ര പരിശോധനയിൽ കഞ്ചാവിലെ സൈക്കോ ആക്ടിവ് ഘടകത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഏപ്രിൽ അഞ്ചിന് ഇയാളെ കസ്റ്റഡിയിലെടുത്തു. പിന്നീട് കഞ്ചാവ് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും പ്രോസിക്യൂട്ടർ ഇയാളെ ദുബൈ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു.
എന്നാൽ, പിടിച്ചെടുത്ത ഉൽപന്നങ്ങൾ മയക്കുമരുന്ന് കണ്ടെത്തിയ വ്യക്തികൾക്ക് നിയമപരമായ ഇളവുകൾ നൽകുന്ന 2021ലെ ഫെഡറൽ നിയമത്തിന്‍റെ പരിധിയിൽ വരുന്നതാണെന്ന് കോടതി നിർണയിക്കുകയായിരുന്നു. ഇ-സിഗരറ്റുകളിൽ അടങ്ങിയ വസ്തുക്കളെക്കുറിച്ച് അറിവില്ലാതെ ആതൻസിൽ വെച്ച് നിയമപരമായി വാങ്ങിയതാണ് ഇവയെന്ന് പിടിയിലായയാൾ വിചാരണക്കിടെ മൊഴി നൽകുകയും ചെയ്തു. വ്യക്തിഗത ഉപയോഗത്തിനുവേണ്ടി മാത്രമാണെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു. ഹാജരാക്കിയ തെളിവുകൾ ശിക്ഷാവിധിക്ക് ആവശ്യമായ നിലവാരം പുലർത്തുന്നില്ലെന്ന് കോടതി വിലയിരുത്തുകയും, തുടർന്ന് സംശയാതീതമായി കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഓരോ പ്രതിയും നിരപരാധിയാണെന്ന് കരുതുന്ന ഭരണഘടനാ തത്ത്വം ഉയർത്തിക്കാട്ടിക്കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. അതേസമയം, മയക്കുമരുന്ന് കൈവശം വെച്ച കുറ്റങ്ങളിൽനിന്ന് മുക്തമാക്കിയെങ്കിലും, മയക്കുമരുന്ന് ഉപയോഗിച്ച കുറ്റം മിസ്‌ഡിമെനേഴ്സ് കോടതിയിലേക്ക് റഫർ ചെയ്തതായി ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.