തിമിർത്ത് മഴ; രാജ്യമെങ്ങും വെള്ളക്കെട്ട്
text_fieldsദുബൈ: യു.എ.ഇയിൽ തിങ്കളാഴ്ച ആരംഭിച്ച കനത്തമഴ ചൊവ്വാഴ്ച രാത്രി വൈകിയും തുടരുന്നു. ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങി മിക്ക നഗരങ്ങളിലും റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. പലഭാഗങ്ങളിലും മിന്നലിന്റെയും ആലിപ്പഴവർഷത്തിന്റെയും അകമ്പടിയോടെയാണ് മഴയെത്തിയത്.
ദുബൈ മെട്രോ, ബസ്, ടാക്സി സർവിസുകളെയും ചില സ്ഥലങ്ങളിൽ മഴ ബാധിച്ചു. അതേസമയം, യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ദുബൈ മെട്രോ പുലർച്ച മൂന്നു വരെ സർവിസ് നടത്തി. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പലസ്ഥലങ്ങളിലും കെട്ടിടങ്ങളിലും താമസസ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളക്കെട്ടിൽ മുന്നോട്ടുപോകാനാകാതെ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുമുണ്ട്. ദുരന്തനിവാരണത്തിന് ശക്തമായ സംവിധാനങ്ങളുമായി വിവിധ സർക്കാർ സംവിധാനങ്ങൾ രംഗത്തുണ്ട്. പൊലീസും സിവിൽ ഡിഫൻസും മുനിസിപ്പാലിറ്റി വൃത്തങ്ങളും അടിയന്തര സാഹചര്യം നേരിടാൻ സർവ സന്നാഹങ്ങളുമായി പ്രവർത്തിച്ചു വരുകയാണ്. ഇതുവരെ ജീവഹാനി നേരിട്ട അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മോശം കാലാവസ്ഥ കണക്കിലെടുത്ത് ബുധനാഴ്ച വരെ വിദ്യാലയങ്ങൾക്ക് ഓൺലൈൻ പഠനം അനുവദിച്ചിരിക്കുകയാണ്. മുഴുവൻ സർക്കാർ ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന വിദൂര ജോലി അവസരവും നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ ചിലഭാഗങ്ങളിൽ ആലിപ്പഴവർഷവും അനുഭവപ്പെട്ടു. മഴ ബുധനാഴ്ച പകലോടെ കുറയുമെന്നാണ് കാലാവസ്ഥ വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. വടക്ക് കിഴക്കൻ എമിറേറ്റുകളിലും മഴ ശക്തമാണ്. രാജ്യത്തെ ഡാമുകളിൽ ചിലത് കവിഞ്ഞൊഴുകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഷാർജ എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. അപകടകരമായ സാഹചര്യം നേരിടാൻ സർക്കാർ സംവിധാനങ്ങൾ സജീവമായി പ്രവർത്തിച്ചുവരികയാണ്.
മഴ സാഹചര്യത്തിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള താഴ്വരകളിൽ നിന്നും മലയോര പ്രദേശങ്ങളിൽ നിന്നും അകന്നുനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അടുത്ത ദിവസങ്ങളിൽ കടലിൽ പോകരുതെന്നും മലകളും താഴ്വരകളും സന്ദർശിക്കരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് നൽകിയ മുന്നറിയിപ്പിൽ പറഞ്ഞു.നമസ്കാരം വീട്ടിൽ നിന്ന് നിർവഹിക്കാനും രാജ്യത്തെ പള്ളികളിൽ നിന്ന് നിർദേശം നൽകിയിട്ടുണ്ട്.
അബൂദബിയിൽ കനത്ത മഴയിൽ വെള്ളംനിറഞ്ഞ റോഡിലൂടെ പോകുന്ന വാഹനങ്ങൾ
തീവ്രമഴയിൽ മുങ്ങി അബൂദബി
അബൂദബി: ഇടവിട്ട തീവ്ര മഴയിൽ മുങ്ങി അബൂദബി. ഇടിമിന്നലിന്റെ അകമ്പടിയോടെ പലവട്ടം പെയ്തിറങ്ങിയ മഴയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡുകള്‍ വെള്ളക്കെട്ടിലായി. കനത്ത മഴയെ തുടര്‍ന്ന് ഹാജര്‍നില കുറവായത് കാരണം പല ഓഫിസുകളുടെയും പ്രവര്‍ത്തനം താളംതെറ്റി. റോഡില്‍ വെള്ളം ഉയര്‍ന്നതോടെ പൊതു ഗതാഗത സര്‍വിസുകളും ഭാഗികമായി മുടങ്ങി.
മഴ തുടരാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാല്‍ താഴ്വാരങ്ങളിലും തീരദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും വാദികളുടെ അരികില്‍ താമസിക്കുന്നവര്‍ സുരക്ഷിത ഇടങ്ങളിലേക്കു മാറണമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.
ബുധനാഴ്ചവരെ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നും പ്രവചനമുണ്ട്. അത്യാവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും ദൂരയാത്രകള് ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
തോട്ടങ്ങളിലും ഫാം ഹൗസുകളിലും വൻ നാശനഷ്ടമാണ് കൊടുങ്കാറ്റിലും കനത്ത മഴയിലും സംഭവിച്ചിരിക്കുന്നത്. തോട്ടങ്ങളിൽ നൂറു കണക്കിന് ഈത്തപ്പനകളും വിവിധ കാർഷിക വിളകളും നിലംപൊത്തി. തൊഴിലാളികൾ താമസിക്കുന്ന വീടുകളും തകർന്നിട്ടുണ്ട്. കനത്ത വെള്ളക്കെട്ട് മൂലം ഇലക്ട്രിക് റൂമുകളുടെ പ്രവർത്തനം നിലച്ചും ലൈൻ ഡ്രിപ് ആയും നിരവധി താമസയിടങ്ങളുടെയും ഫ്ലാറ്റുകളുടെയും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ടാങ്കറുകളിൽ വെള്ളം വലിച്ചെടുത്തു കൊണ്ടുപോകുന്നുണ്ടെങ്കിലും ഇടക്കിടെയുള്ള മഴ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
കനത്ത മഴയിൽ ദുബൈ റോഡിൽ കുടുങ്ങിയ വാഹനം പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ സഹായിക്കുന്നു
അൽഐനിലും ശക്തമായ മഴ
അൽഐൻ: അൽഐനിലും ശക്തമായ മഴ ലഭിച്ചു. മിന്നലോടുകൂടിയ മഴയെ തുടർന്ന് റോഡുകളിൽ വെള്ളം കയറി. നിർത്തിയിട്ട പല വാഹനങ്ങളും വെള്ളത്തിലായി.
താഴ്ന്ന പ്രദേശങ്ങളിലെ താമസസ്ഥലങ്ങളിലും വെള്ളം കയറി. വാദികളിലും നീരൊഴുക്ക് ശക്തമായി. ശക്തമായ മഴയിൽ അൽഐനിലെ അൽ ഖുവ, അൽ ഫോവ എന്നീ പ്രദേശങ്ങളിലെ റോഡുകളിൽ മണ്ണ് ഒലിച്ചുപോയി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടത് വാഹന ഗതാഗതം തടസ്സപ്പെടുത്തി. മഴക്കെടുതികൾ നേരിടുന്നതിനും റോഡുകളിലെ ഗതാഗത തടസ്സങ്ങൾ മാറ്റുന്നതിനും പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ട്.
കനത്ത മഴയിൽ റാസൽഖൈമയിലെ റോഡ് ഇടിഞ്ഞപ്പോൾ
റാസല്‍ഖൈമയില്‍ പെരുമഴ
റാസല്‍ഖൈമ: ചൊവ്വാഴ്ച പുലര്‍ച്ച തുടങ്ങിയ മഴ റാസല്‍ഖൈമയില്‍ രാത്രിയിലും ശക്തമായി തുടരുന്നു. അധികൃതരുടെ മുന്നറിയിപ്പുകളെ ശരിവെക്കുംവിധം ശക്തമായ കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെയെത്തിയ പെരുമഴയില്‍ ജനജീവിതം സ്തംഭിച്ചു. പട്ടണ-പ്രാന്ത പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാക്കിയത് വാഹന യാത്രക്കൊപ്പം കാല്‍നട യാത്രികരെയും ദുരിതത്തിലാക്കി.
ശക്തമായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് അല്‍ ശുഹദാ റോഡ്, അല്‍ ഷൗക്ക -മലീഹ റോഡ് തുടങ്ങിയയിടങ്ങളില്‍ അധികൃതര്‍ ഗതാഗതം നിരോധിച്ചു. അല്‍ നഖീല്‍, ഓള്‍ഡ് റാസല്‍ഖൈമ, അല്‍ ജീര്, ശാം, റംസ്, ജസീറ അല്‍ ഹംറ, അല്‍ ഗൈല്‍, ദിഗ്ദാഗ, ഹംറാനിയ, ഷൗക്ക, അല്‍ മുനായ്, ജബല്‍ ജെയ്സ്, യാനസ് തുടങ്ങി സര്‍വ മേഖലകളിലും ശക്തമായ മഴയാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.