അഞ്ചു കിലോ കൊക്കെയ്നുമായി പിടിയിൽ
text_fieldsഅബൂദബി: അബൂദബിയിൽ അഞ്ചു കിലോ കൊക്കെയ്നുമായി രണ്ടു പേർ പൊലീസ് പിടിയിൽ. ലാറ്റിൻ, അറബ് വംശജരാണ് അബൂദബി മയക്കുമരുന്നു വിരുദ്ധ സേനയുടെ പിടിയിലായത്. ഇന്റലിജൻസ് വിഭാഗവുമായി ചേർന്ന് അബൂദബി മയക്കുമരുന്ന്, ക്രിമിനൽ വിരുദ്ധ സേന ഏതാനും ദിവസങ്ങളായി ഇരുവരുടെയും നീക്കങ്ങൾ നിരീക്ഷിച്ചു വരുകയായിരുന്നു. തുടർന്ന് എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ വിൽപനക്ക് കൊണ്ടുപോകുന്നതിനിടെയാണ് രണ്ട് പേരെയും പിടികൂടിയതെന്ന് അബൂദബി മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റ് ഡയറക്ടർ മേജർ താഹിറ ഗരീബ് അൽ സാഹ്രി പറഞ്ഞു.
മിഡിലീസ്റ്റ് രാജ്യങ്ങളിൽ മയക്കുമരുന്നിന്റെ വ്യാപാരവും പ്രോത്സാഹനവും ലക്ഷ്യമിടുന്ന അന്താരാഷ്ട്ര സംഘത്തിന്റെ ശ്രമങ്ങൾക്ക് ശക്തമായ തിരിച്ചടിയാണ് രണ്ടംഗ സംഘത്തിന്റെ അറസ്റ്റിലൂടെ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനിക രീതികളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് മയക്കുമരുന്നിന്റെ വ്യാപനം കാര്യക്ഷമമായും സമർഥമായും നേരിടാൻ പൊലീസ് പ്രതിജ്ഞാബദ്ധമാണ്. രാജ്യത്ത് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടും. കൂടാതെ ശക്തമായും വിട്ടുവീഴ്ചയില്ലാത്തതുമായ നിയമനടപടികളും ഇവർ നേരിടേണ്ടി വരും. സമൂഹത്തെ ബാധിക്കുന്ന മയക്കുമരുന്ന് വ്യാപനം തടയാൻ സമൂഹങ്ങളുടെ സഹകരണവും ആവശ്യമാണ്. സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ 8002626 ഹോട്ട്ലൈൻ നമ്പറിൽ കൈമാറി സഹകരിക്കണമെന്നും അബൂദബി പൊലീസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.