യു.എ.ഇയിൽ പര്‍വത സഞ്ചാരികൾക്കും മലയോര സന്ദര്‍ശകർക്കും ജാഗ്രത നിർദേശം
text_fieldsഫുജൈറ: വരുംദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ പര്‍വതസഞ്ചാരം നടത്തുന്നവരും മലയോര പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് ഫുജൈറ പൊലീസും മുനിസിപ്പാലിറ്റിയും മുന്നറിയിപ്പ് നല്കി.
താഴ്വരകളിലും ഒറ്റപ്പെട്ട മലയോര പ്രദേശങ്ങളിലും മഴവെള്ളപ്പാച്ചിലുണ്ടായി ജീവൻ അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്. മഴക്കാലത്ത് അധികാരികളുടെ നിർദേശങ്ങൾ പാലിക്കേണ്ടതിന്റെയും അടിയന്തര ഘട്ടങ്ങളിൽ അവരുമായി സഹകരിക്കേണ്ടതിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് അധികാരികൾ പ്രഖ്യാപിച്ച നടപടിക്രമങ്ങൾ പാലിക്കേണ്ടതിന്റെയും ആവശ്യകത അവർ ഊന്നിപ്പറഞ്ഞു.
ഫുജൈറയിലെയും സമീപപ്രദേശങ്ങളിലെയും കൺസൽട്ടിങ്, എൻജിനീയറിങ്, കോൺട്രാക്ടിങ് സ്ഥാപനങ്ങള്‍ക്കും നിർമാണ സൈറ്റുകൾക്കും ആവശ്യമായ പ്രതിരോധ നടപടികൾ കൈക്കൊള്ളാനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ട മുന്‍ കരുതലെടുക്കാൻ അധികൃതര്‍ മുന്നറിയിപ്പ് നല്കി.
കിഴക്കൻ മേഖലയിലെ പർവതപ്രദേശങ്ങളുടെ സുരക്ഷ ഉത്തരവാദിത്തമുള്ള അധികാരികളും സ്ഥാപനങ്ങളും മഴക്കാലത്ത് പർവതപ്രദേശങ്ങളിലെ വിനോദസഞ്ചാരം നിയന്ത്രിക്കുന്നതിന് നിയന്ത്രണങ്ങളും നിയമങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ദുർഘടമായ പ്രദേശങ്ങളിൽ കാൽനടയാത്ര, മലകയറ്റം എന്നിവക്കായി നിശ്ചയിച്ച പർവത പാതകൾ സുരക്ഷിതമാക്കാൻ നടപടി എടുത്തിട്ടുണ്ട്.
കിഴക്കൻ മേഖല പൊലീസ് ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ ഡോ. അലി അൽഹമൂദി സന്ദർശകർക്ക് സേവനം നൽകുകയെന്ന ലക്ഷ്യത്തോടെ കിഴക്കൻ മേഖലയിലെ അധികാരികളുടെ സഹകരണത്തോടെ സുരക്ഷാസേവനങ്ങള്‍ ഊർജിതമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ആവശ്യമുള്ളപ്പോൾ പൊലീസിന്റെ സഹായം തേടാൻ മടിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിനോദസഞ്ചാരികളുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ടൂറിസം കമ്പനികള്‍ ബാധ്യസ്ഥരാണെന്നും ഒരു കമ്പനിക്കും അനുമതിയില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.